കോട്ടയം: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേക തീവണ്ടികൾ. നാളെ മുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ആരംഭിക്കും. തീർത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക തീവണ്ടി സർവ്വീസുകൾ ആരംഭിക്കുന്നത്.
ആദ്യം രണ്ട് തീവണ്ടികളാണ് സർവ്വീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം എന്നീ തീവണ്ടികളാണ് സർവ്വീസ് ആരംഭിക്കുക. തിരക്ക് അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ സർവ്വീസ് നടത്തും.
സെക്കന്ദരാബാദിൽ നിന്നും കൊല്ലത്തേക്കുള്ള സ്‌പെഷ്യൽ തീവണ്ടി ഉച്ചയ്ക്ക് 2.20 നാകും സ്റ്റേഷനിൽ നിന്നും പുറപ്പെടുക. തിങ്കളാഴ്ച രാത്രി 11.55 ന് തീവണ്ടി കൊല്ലത്ത് എത്തും. പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് ഇതിന് സ്‌റ്റോപ്പ്. 21 ന് കൊല്ലത്ത് നിന്നും പുലർച്ചെ 2.30 ന് തീവണ്ടി സെക്കന്ദരാബാദിലേക്ക് പുറപ്പെടും.
നർസപൂരിൽ നിന്നും നാളെ ഉച്ചയ്ക്ക് 3.50 നാണ് തീവണ്ടി പുറപ്പെടുക. മറ്റെന്നാൾ 4.50 ന് കോട്ടയത്ത് എത്തും. പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്‌റ്റോപ്പുണ്ടാകും. മറ്റെന്നാൾ വൈകീട്ട് ഏഴ് മണിയ്ക്ക് ട്രെയിൻ കോട്ടയത്ത് നിന്നും പുറപ്പെടും.
Discussion about this post