കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്ത് വെച്ചാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. നവകേരള സദസ്സിനും ബസിനും നേരെയുണ്ടായ ആദ്യ പ്രതിഷേധമാണിത്. ഈ ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി.
പ്രതിഷേധക്കാരെ പോലീസുകാരും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരിങ്കൊടി വീശി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തലയ്ക്കു പരുക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിന് ശേഷം കരിങ്കൊടി കാണിച്ചവരുമായി പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചെത്തി. ചില പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കയറി. അവരെ പോലീസ് പിന്തിരിപ്പിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുനിന്ന് പകർത്തിയ കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ കൂട്ടമായി മർദ്ദിച്ചു. പോലീസ് നോക്കിനിൽക്കെയായിരുന്നു ക്രൂരമർദനം.
Discussion about this post