തിരുവനന്തപുരം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി നേരത്തെ പറഞ്ഞുകേട്ടതിലും ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും കർണാടകത്തിലുമുളള കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഈ കുറ്റകൃത്യം നടത്തിയിട്ടുളളത്. ഷാഫി പറമ്പിലും കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവും മന്ത്രി എൻഎ ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസുമാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഷാഫി പറമ്പിൽ കർണാടക യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പോയി പഠിച്ചാണ് ഈ കുറ്റകൃത്യം കേരളത്തിലും നടത്തിയതതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച
മൊബൈൽ ആപ്പ് മറ്റ് സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഇതുവരെ ലഭ്യമായ വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും കാണും. അന്വേഷണം ശക്തമായി നടക്കണം. കേവലം ഒരു ഉൾപാർട്ടി തർക്കത്തിന്റെ പ്രശ്നമല്ല. ഈ ഐഡി കാർഡ് ഉപയോഗിച്ച് പാസ്പോർട്ട് എടുക്കാൻ വരെ കഴിയും. തീവ്രവാദികളൊക്കെ സാധാരണ നിലയിൽ ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഇതെല്ലാം അറിയാം. രാഹുൽ ഇതറിഞ്ഞിട്ട് ഒരാഴ്ചയായി. വിഡി സതീശന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ പോലും ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഴുവൻ വിവരങ്ങളും പുറത്തുവരുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാകും വെളിപ്പെടുക. അതുകൊണ്ടു തന്നെ സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. കേരള പോലീസിന് അന്വേഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റ് ഏജൻസികളുടെ സേവനം പ്രയോജനപ്പെടുത്തണം. കോൺഗ്രസ് നേതാക്കൾ അറിയാതെ എങ്ങനെയാണ് ഇത് നടക്കുന്നത്. എംഎം ഹസൻ എല്ലാ യോഗങ്ങളിലും പങ്കെടുത്തതാണ്. ആ യോഗങ്ങളിൽ വെച്ചാണ് ഷാഫി പറമ്പിൽ പറഞ്ഞത് അതിനുളള ടെക്നോളജി ഞങ്ങളുടെ കൈയ്യിൽ ഉണ്ട് എന്ന്്.നിരവധി നേതാക്കൾ അറിഞ്ഞുകൊണ്ടാണ് ഈ തട്ടിപ്പ് നടന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post