ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പുരോഹിതരെ തിരഞ്ഞെടുത്തു. യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് 20 പേരെയാണ് ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾക്കായി തിരഞ്ഞെടുത്തത്. അയോദ്ധ്യയിലെ വിശ്വ ഹിന്ദു പരിഷത് ആസ്ഥാനത്ത് വച്ചായിരുന്നു അഭിമുഖവും മറ്റ് നടപടി ക്രമങ്ങളും.
രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവഗിരിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ പട്ടികയിൽ 225 അപേക്ഷകരാണ് ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 3000 അപേക്ഷകളാണ് ആകെ ട്രസ്റ്റിന് ലഭിച്ചത്. ഇതിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരമാണ് ഇവരെ തിരഞ്ഞെടുത്തത്. ഇവർക്കായുള്ള അഭിമുഖമായിരുന്നു നടന്നത്. ഇതിന് ശേഷമാണ് യോജിച്ചവരെ തിരഞ്ഞെടുത്തത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ദിവസം അഭിമുഖം നടന്നു. വേദമന്ത്രങ്ങളിലെ പരിജ്ഞാനം, പൂജാ കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള കഴിവ്, മറ്റ് വ്യക്തി മൂല്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. തിരഞ്ഞെടുത്ത 20 പുരോഹിതർക്കും പരിശീലനം നൽകും. ആറ് മാസത്തേക്കാണ് ഇവർക്ക് പരിശീലനം. ഇതിന് ശേഷമായിരുന്നു ക്ഷേത്രത്തിലേക്ക് നിയമനം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൃന്ദാവനത്തിൽ നിന്നുള്ള ഹിന്ദു മതാചാര്യനായ ജയകാന്ത് മിശ്ര, അയോധ്യയിൽ നിന്നുമുള്ള ആചാര്യന്മാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവർ അടങ്ങുന്ന മൂന്നംഗ പാനൽ ആയിരുന്നു അഭിമുഖം നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ രാം ലല്ല ഉടൻ സ്ഥാപിക്കും. ഇതിന് മുന്നോടിയായിട്ടാണ് പുരോഹിതരെ തിരഞ്ഞെടുത്തത്.
Discussion about this post