തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിൽ പ്രവർത്തകർ അറസ്റ്റിലായതോടെ യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പിലാണ് പ്രവർത്തകർ കസ്റ്റഡിയിൽ ആയതിന് പിന്നാലെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ കസ്റ്റഡിയിലായതാണ് ഇതിന് പിന്നിൽ എന്നാണ് സൂചന.
അബി വിക്രം, ബിനിൽ ബിനു, ഫെന്നി, അടൂർ സ്വദേശി വികാസ് കൃഷ്ണ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഗ്രൂപ്പിനുള്ളിൽ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.
വ്യാജ തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗ്രൂപ്പിലെ അംഗങ്ങൾ തന്നെയാണ് ചോർത്തി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മത്സരിച്ചത്.
ലാപ്‌ടോപ്പും മൊബൈലും ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ലാപ്‌ടോപും മൊബൈൽ ഫോണും കസ്റ്റഡിയിലാണ്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Discussion about this post