പാലക്കാട്: ഉപജില്ലാ കലോത്സവത്തിനിടെ രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ കൂട്ടത്തല്ല്. മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെയായിരുന്നു സംഭവം. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെയായിരുന്നു ഉപജില്ലാ കലോത്സവത്തിന്റെ അവസാന ദിനം. അവസാനദിന മത്സരങ്ങൾക്ക് ശേഷം രാത്രിയായിരുന്നു സമ്മാനവിതരണം. ഇതിനിടെ പന്തലിൽ നിന്നും സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും പടക്കംപൊട്ടി. സമ്മാനാർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് പടക്കം പൊട്ടിച്ചത് എന്നാണ് സൂചന. ഇത് അദ്ധ്യാപകരും സംഘാടകരും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. വിദ്യാർത്ഥികളും ഇവർക്കൊപ്പം ചേർന്നു.
പോലീസ് ലാത്തിവീശിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്നവർക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ ആയിരുന്നു ഇക്കുറി ഉപജില്ലാ കലോത്സവം.
Discussion about this post