റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ദന്തേവാഡയിലെ ജഗർഗുണ്ട മേഖലയിൽ ആയിരുന്നു സംഭവം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു ജവാനെ വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് എത്തിച്ചു.
ബസ്തർ ഫൈറ്റേഴ്‌സിലെ സേനാംഗങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അർനാപൂരിനും ജഗർഗുണ്ടയ്ക്കും ഇടയിലുള്ള മേഖലകളിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ കമ്യൂണിസ്റ്റ് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി എറിയുകയായിരുന്നു. മറ്റ് സേനാംഗങ്ങൾ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
റോഷൻ കുമാർ എന്ന സേനാംഗത്തിന്റെ ആരോഗ്യനിലയാണ് മോശമായി തുടരുന്നത്. അദ്ദേഹത്തെ വിമാനമാർഗ്ഗമാണ് റായ്പൂരിലേക്ക് മാറ്റിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീകരർക്കായി പ്രദേശത്ത് സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്.
Discussion about this post