ബെയ്ജിംഗ്: ചൈനയിൽ മസ്ജിദുകൾ ഇല്ലാതാക്കുന്നത് തുടർന്ന് കമ്യൂണിസ്റ്റ് ഭരണകൂടം. ഏകദേശം 1300 ലധികം മസ്ജിദുകൾ മൂന്ന് വർഷത്തിനുള്ളിൽ അടച്ചുപൂട്ടുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഇസ്ലാമിക ആചാരങ്ങൾ തടയുന്നതിനായുള്ള പരിശ്രമങ്ങളാണ് ചൈനീസ് സർക്കാർ നടത്തുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും ഇല്ലാതാക്കാനാണ് ചൈനീസ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മസ്ജിദുകൾ തകർക്കുകയോ അടച്ച് പൂട്ടുകയോ ചെയ്യുന്നത്. പുന:ർനിർമ്മാണത്തിന്റെ പേരിലാണ് ഈ നടപടി. എന്നാൽ ഇതിന് പിന്നിൽ ഇസ്ലാം മതത്തെ ഇല്ലാതാക്കുകയെന്ന ഗൂഢലക്ഷ്യം ആണെന്നും ഇതിനായുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആക്ടിംഗ് ചൈന ഡയറക്ടർ മായ വാംഗ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏകദേശം 20 ദശലക്ഷം മുസ്ലീങ്ങളാണ് നിലവിൽ ഉള്ളത് എന്നാണ് സർക്കാർ കണക്കുകൾ. ഹൂയികളും, ഉയ്ഗൂറുകളുമാണ് വിഭാഗങ്ങൾ. ഇതിൽ തന്നെ രണ്ട് പ്രധാന മുസ്ലീം വിഭാഗങ്ങളുണ്ട്. എട്ടാം നൂറ്റാണ്ടിൽ താങ് രാജവംശത്തിന്റെ കാലത്ത് ചൈനയിലെത്തിയ മുസ്ലീങ്ങളിൽ നിന്നുള്ളവരാണ് ഹൂയികൾ. ഇതിൽ ഉയിഗുർ മുസ്ലീങ്ങളാണ് ഭൂരിപക്ഷം. ഇവരെ ഇല്ലാതാക്കുകയാണ് ഭരണകൂടത്തിന്റെ പ്രധാന ഉദ്ദേശ്യം.
ചൈനയിലെ മുസ്ലിംകളിൽ ഭൂരിഭാഗവും താമസിക്കുന്നത് രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ്, അതിൽ സിൻജിയാംഗ്, ക്വിൻഹായ്, ഗാൻസു, നിംഗ്സിയ എന്നിവ ഉൾപ്പെടുന്നു.
സ്വയംഭരണ പ്രദേശമായ നിംഗ്സിയയിലെ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ ലിയോഖിയാവോയിൽ, ആറ് മസ്ജിദുകളാണ് ഉള്ളത്. ഇതിൽ മൂന്നെണ്ണത്തിന്റെ താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്തു. ബാക്കിയുള്ളവരുടെ പ്രധാന പ്രാർത്ഥനാലയങ്ങൾ നശിപ്പിക്കുകയും ചെയ്തു. 2018 ഒക്ടോബറിനും 2020 ജനുവരിക്കും ഇടയിൽ ലിയോകിയാവോ ഗ്രാമത്തിലെ മസ്ജിദിന്റെ താഴികക്കുടം ചൈനീസ് ശൈലിയിലുള്ള പഗോഡ ഉപയോഗിച്ച് മാറ്റിപ്പണിതു. ഇതിന്റെ ഉപഗ്രഹ ചിത്രം റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. മുസ്ലീങ്ങളെ മതപരിവർത്തനത്തിന് ഇരയാക്കുന്നതായുള്ള ഇസ്ലാമിക മതപണ്ഡിതൻ ഹന്നാ തിക്കറിന്റെ പരാമർശവും റിപ്പോർട്ടിലുണ്ട്.
അതേസമയം ഈ റിപ്പോർട്ടും ഉയരുന്ന ആരോപണങ്ങളും ചൈനീസ് ഭരണകൂടം തള്ളുകയാണ്. തങ്ങളുടെ സംസ്‌ക്കാരത്തെ സംരക്ഷിക്കുന്ന ഭാഗമാണ് ഈ നടപടികൾ എന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. ഇതിന്റെ അടിസ്ഥാനത്തിൽ 2018-ൽ ചൈന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി മസ്ജിദുകളുടെ നിയന്ത്രണവും ഏകീകരണവും പരാമർശിക്കുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. മസ്ജിദുകളുടെ നിർമ്മാണം, ലേഔട്ട്, ഫണ്ടിംഗ് എന്നിവ ”കർശനമായി നിരീക്ഷിക്കണം എന്നയാരുന്നു രേഖയിലെ പ്രധാന നിർദ്ദേശം. മസ്ജിദുകൾ പരമാവധി പൊളിക്കാനും, കുറച്ചു മാത്രം പുനർനിർമ്മിക്കാനും രേഖ നിർദ്ദേശിക്കുന്നുണ്ട്. മൊത്തത്തിലുള്ള മസ്ജിദുകളുടെ എണ്ണം ചുരുക്കാൻ ശ്രമിക്കണമെന്നും രേഖയിൽ അഭ്യർത്ഥനയുണ്ട്.
Discussion about this post