കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സിനെ ദീപം തെളിയിച്ച് സ്വീകരിക്കാനുള്ള സിപിഎം ആഹ്വാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. ഭഗവാൻ ശ്രീരാമൻ വനവാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ അയോധ്യാ നിവാസികൾ ദീപം കൊളുത്തി വരവേറ്റു. അതിൻറെ ഓർമ്മ പുതുക്കാനാണത്രേ ദീപാവലി ആഘോഷിക്കുന്നത്.
കാരണഭൂതൻ നവകേരള ധൂർത്ത് പൂർത്തിയായി തിരിച്ചു വരുന്ന ഡിസംബർ 24ന് തിരുവനന്തപുരത്തെ സകല സഖാക്കളും വിളക്ക് കൊളുത്തി വരവേൽക്കും. നമ്മുടെ മെഗാ ദീപാവലി അന്നാണെന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ട പ്രചാരണ കമ്മിറ്റിയുടെയും ചില തദ്ദേശ സ്ഥാപനങ്ങളുടെയും ആഹ്വാനം വലിയ തോതിൽ പരിഹസിക്കപ്പെടുകയാണ്. നവകേരള സദസ്സിനോട് അനുബന്ധിച്ച് എല്ലാ സ്ഥാപനങ്ങളും വൈകിട്ട് ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഴുവന്‍ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനായിരുന്നു പുറമേരി പഞ്ചായത്ത് പ്രചാരണസമിതിയുടെ ആഹ്വാനം.
നവകേരള സദസ്സ് എത്തുന്ന 25ാം തീയതി വരെ നഗസരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നാണ് കൊയിലാണ്ടി നഗരസഭ അയച്ച നോട്ടീസില്‍ പറയുന്നത്. അലങ്കാരത്തിനൊപ്പം സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും നഗരസഭ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവരുടെ പേരില്‍ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു.
നവകേരള സദസ്സിന്റെ പ്രചാരണ ഘോഷയാത്രയില്‍ ജീവനക്കാരെ അണിനിരത്താന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വകുപ്പു മേധാവികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത് വിവാദമായിരുന്നു. പ്രസിഡന്‍റിന്‍റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു.
Discussion about this post