പത്തനംതിട്ട: പത്തനംതിട്ട- കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന റോബിൻ ബസിനെ വിടാതെ വേട്ടയാടി മോട്ടോർ വാഹന വകുപ്പ്. ബസിന്റെ സർവ്വീസ് തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും ഗൗനിക്കാതെയാണ് എംവിഡിയുടെ വേട്ടയാടൽ. കോയമ്പത്തൂരിൽ നിന്നുളള മടക്കയാത്രയിൽ വാളയാർ കഴിഞ്ഞപ്പോൾ മുതൽ എംവിഡി വാഹനത്തെ പിന്തുടരുകയായിരുന്നു.
ഇതിനൊടുവിൽ രാത്രി ഒരു മണിയോടെ എരുമേലിയിൽ എത്തിയപ്പോൾ ഇവിടെ കാത്ത് നിന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. യാത്രക്കാർ ഉണ്ടെന്ന് കണ്ടതോടെ നടപടി സ്വീകരിച്ചില്ല. അവിടെ നിന്ന് പത്തനംതിട്ടയിലേക്കുളള യാത്രയ്ക്കിടെ ജീവനക്കാർ വെളളം വാങ്ങാൻ കടയിൽ കയറാൻ നിർത്തിയ തക്കത്തിന് ഉദ്യോഗസ്ഥർ വീണ്ടും വണ്ടി പിടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന യാത്രക്കാർ റാന്നിയിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ബസ് എംവിഡി പിടിച്ചത്. എരുമേലിയിൽ വെച്ച് പരിശോധന നടത്തിയപ്പോൾ ബസിലെ ജീവനക്കാർ യാത്രക്കാരുടെ ലിസ്റ്റ് കാണിച്ചിരുന്നു. ഇതിൽ നിന്ന് യാത്രക്കാർ എവിടെ ഇറങ്ങുമെന്ന് മനസിലാക്കിയ ശേഷമായിരുന്നു എംവിഡിയുടെ പ്രതികാര നടപടി.
ബസിലെ ഡ്രൈവർമാരോട് ലൈസൻസും മറ്റ് കാര്യങ്ങളും ചോദിച്ചു. എന്താണ് കുറ്റമെന്ന് ആവർത്തിച്ച് ചോദിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് മറുപടിയില്ലായിരുന്നു. രാത്രി 1.04 ന് ഫോണിലേക്ക് 7500 രൂപ പിഴയീടാക്കിയതായി സന്ദേശമെത്തി. അതിലും നിയമലംഘനമെന്തെന്ന് വ്യക്തമാക്കുന്നില്ല. പത്ത് മിനിറ്റിനുളളിൽ ഉടമ എത്തുമെന്ന് അറിയിച്ചിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല.
രണ്ട് ജീപ്പ് പോലീസുമായി എത്തിയാണ് രാത്രിയിൽ എംവിഡി വീണ്ടും ബസിനെതിരെ വേട്ട തുടർന്നത്. കൊളളക്കാരെ പിടികൂടുന്നതുപോലെ ആയിരുന്നു പെരുമാറ്റമെന്ന് ജീവനക്കാർ പറയുന്നു. ബസ് പിടിച്ചാൽ പരിശോധനാ റിപ്പോർട്ട് എഴുതി വിട്ടയയ്ക്കണമെന്നാണ് കോടതി നിർദ്ദേശം. എന്നാൽ യാത്രക്കാർ ഇല്ലാത്ത തക്കം നോക്കി ബസ് പിടിച്ചിടാൻ കരുതിക്കൂട്ടിയാണ് ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനാ റിപ്പോർട്ടിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ പത്ത് മിനിറ്റിൽ ഉടമ വരുമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ ഡ്രൈവർ ഒപ്പിടാൻ വിസമ്മതിച്ചുവെന്ന് എഴുതിവെച്ച് ഉദ്യോഗസ്ഥർ പോകുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ബസ് പിന്നീട് പത്തനംതിട്ട എആർ ക്യാമ്പ് ഓഫീസിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post