കോഴിക്കോട്: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതി നിഷേധിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാതി രാഷ്ട്രീയ പ്രേരിതമാണ്. മനപ്പൂർവ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തും സമാന രീതിയിൽ പരാതി ഉയർന്നിരുന്നു. പരാതിക്ക് പിന്നിൽ രാഷ്ടീയ പ്രതിയോഗികളാണ്. താൻ ആർക്കും പണം നൽകാനില്ല. സദസിന്റെ ശോഭ കെടുത്തുകയാണ് ഇത്തരം പരാതികൾ കൊണ്ടുള്ള ലക്ഷ്യം. കേസ് കോടതിയുടെ പരിഗണനയിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് നവകേരള സദസിൽ അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചത്. ഇന്നലെ വടകരയിലായിരുന്നു പരിപാടി. അഹമ്മദ് ദേവർ കോവിൽ 63 ലക്ഷം രൂപ തട്ടിയെന്നും ഇത് തിരികെ നൽകണമെന്നകോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നുമാണ് പരാതി. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്.
കോടതിവിധി നടപ്പാക്കാൻ സഹായിക്കണമെന്ന് ആശ്യപ്പെട്ട് നേരത്തെ യൂസഫ് മുഖ്യമന്ത്രിയ്ക്ക് ഇ- മെയിൽ വഴി പരാതിയും നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് യൂസഫ് നവകേരള സദസ്സിൽ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നൽകിയത്.
Discussion about this post