കൊച്ചി: റോബിൻ ബസിന്റെ കോയമ്പത്തൂർ സർവ്വീസും ബേബി ഗിരീഷ് എന്ന സംരംഭകന്റെ പോരാട്ടവും സിനിമയാകുന്നു. സംവിധായകൻ പ്രശാന്ത് മോളിക്കൽ ആണ് ഈ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രശാന്ത് ഇക്കാര്യം പുറത്തുവിട്ടത്.
തമിഴിലും മലയാളത്തിലുമാണ് സിനിമ വരുന്നത്. ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയെന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. റോബിൻ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് സിനിമയുടെ പേര്. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാണം. കഥയും തിരക്കഥയും സംഭാഷണവും സതീഷ് ആണ് നിർവ്വഹിക്കുന്നത്.
വർഷങ്ങളായി ബേബി ഗിരീഷിന്റെ കുടുംബം നടത്തിയിരുന്ന റോബിൻ ബസ് സർവ്വീസും താനുമായുളള ബന്ധം കൂടി പറഞ്ഞുകൊണ്ടാണ് പ്രശാന്ത് മോളിക്കലിന്റെ കുറിപ്പ്. വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണെന്ന് പ്രശാന്ത് കുറിച്ചു.
പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസും ആണ്. അടുത്ത കഥ അന്വേഷിക്കുകയും അതിൽ ഒരെണ്ണം ഷൂട്ടിംഗ് ഘട്ടത്തിൽ എത്തി നിൽക്കുകയുമാണ്. അതിനിടയിലാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രശാന്ത് പറഞ്ഞു.
പ്രതികാര മനോഭാവം പൂണ്ട മനുഷ്യനിർമ്മിതങ്ങളായ ടാർഗറ്റഡ് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണെന്ന് പ്രശാന്ത് പറയുന്നു. കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളോടും അദ്ദേഹം നന്ദി പറഞ്ഞു.













Discussion about this post