തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങൾ ക്യാമറ ഓൺ ചെയ്യണം. ഞാൻ പറയുന്നതെല്ലാം റെക്കോഡ് ചെയ്യണം. കേന്ദ്രസർക്കാർ ഒന്നും തരുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ പൊളിച്ചടുക്കി തുടങ്ങിയത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്. കേരളത്തിലെ വിവിധ അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനത്തിനായുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായ വിതരണത്തിനായി തിരുവനന്തപുരം ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ സംഘടിപ്പിച്ച വായ്പാ വ്യാപന മേളയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
2009 മുതലുളള കണക്കുകൾ നിരത്തിയാണ് നിർമല സീതാരാമൻ മറുപടി നൽകിയത്. 2009 -10 മുതൽ 2023-24 വരെയുളള സാമ്പത്തിക വർഷങ്ങളിൽ കേരളത്തിന് ഏറ്റവും കൂടുതൽ ഗ്രാൻഡുകൾ അനുവദിച്ചത് നരേന്ദ്രമോദി സർക്കാരാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2009-10 വർഷം മൻമോഹൻ സിങ് സർക്കാർ അനുവദിച്ചത് 602 കോടി രൂപ മാത്രമാണ്. അടുത്ത സാമ്പത്തിക വർഷം ഇത് 439 കോടിയായി ചുരുങ്ങി.
2013 -14 കാലയളവിൽ 1630 കോടി രൂപയാണ് ഗ്രാൻഡായി അനുവദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ തന്നെ മോദി സർക്കാർ കേരളത്തിന് ഗ്രാൻഡായി നൽകിയ തുക ഞെട്ടിക്കുന്നതാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2020-21 ൽ 18,049 കോടി രൂപ നൽകി. 2021 -22 വർഷം 22,171 കോടി രൂപ നൽകി, 2022-23 ൽ 15388 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എവിടെയാണ് ഈ തുകയെന്ന് മാദ്ധ്യമങ്ങൾ പറയണമെന്ന് അവർ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര തുക ലഭിക്കുന്നില്ലെന്നും കേന്ദ്രം കഴുത്തുഞെരിക്കുകയാണെന്നും സംസ്ഥാനം ആവർത്തിക്കുന്നതിനിടെയാണ് കണക്കുകൾ നിരത്തി കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. കേരളത്തിലെ ജനങ്ങൾക്കുളള പണം കേന്ദ്രസർക്കാർ ഒരു കാലതാമസവും കൂടാതെ കൃത്യമായി നൽകിയിട്ടുണ്ട്.
ഞങ്ങൾ അത് കൊടുത്തുവെന്ന് പറയുവല്ല അത് കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. പക്ഷെ എവിടെയാണ് കാലതാമസം ഉണ്ടായത്. ഇവിടെ കൃത്യമായ പേപ്പർ വർക്കുകൾ ചെയ്യാതെ സംസ്ഥാന സർക്കാർ വരുത്തുന്ന കാലതാമസമാണിതെന്നും നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര വിഹിതം കിട്ടിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉന്നയിച്ചു.
Discussion about this post