വാഷിംഗ്ടൺ: ദശാബ്ദങ്ങൾ സമുദ്രത്തിൽ ഉറച്ചിരുന്ന ശേഷം ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല വീണ്ടും ഒഴുകാൻ തുടങ്ങിയതായി ഗവേഷകർ. അന്റാർട്ടിക്കയിലെ സമുദ്രത്തിലുള്ള ഈ മഞ്ഞുമലക്ക് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടന്റെ ഇരട്ടിയിലധികം വലുപ്പമുണ്ട്.
ഫ്ലിച്നെർ- റോൺ ഐസ് ഷെൽഫിൽ നിന്നും അടർന്ന് മാറി സമുദത്തിലൂടെ ഒഴുകി നടന്ന മഞ്ഞുമല 1986ലാണ് അന്റാർട്ടിക്കയിലെ വെഡെൽ സമുദ്രോപരിതലത്തിൽ ഉറച്ചുപോയത്. എ23 എന്ന് പേരിട്ടിരിക്കുന്ന മഞ്ഞുമലക്ക് 1,312 അടി ഘനവും 4,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണവുമാണ് ഉള്ളത്. ലണ്ടൻ നഗരത്തിന്റെ ആകെ വിസ്തീർണം 1,572 ചതുരശ്ര കിലോമീറ്റർ മാത്രമാണ്.
ഏകദേശം മൂന്ന് ദശാബ്ദത്തിന് ശേഷമാണ് മഞ്ഞുമല വീണ്ടും ഒഴുകാൻ ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം മഞ്ഞ് ഉരുകി പോയതിനാൽ അടിസ്ഥാനത്ത് ഉറപ്പ് നഷ്ടപ്പെട്ടതാണ് മഞ്ഞുമല ഒഴുകി തുടങ്ങാൻ കാരണം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
1980 മുതൽ ഏറ്റവും വലിയ സജീവ മഞ്ഞുമല എന്ന് അറിയപ്പെടുന്നത് എ23 ആണ്. ഇടക്കാലത്ത് എ68, എ76 എന്നിവ ആ സ്ഥാനത്തേക്ക് കടന്ന് വന്നുവെങ്കിലും, അവയൊക്കെ അതിവേഗം ഉരുകി പോയതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിന്റെ ഒഴുക്കിനനുസരിച്ച് കിഴക്കൻ ദിക്കിലേക്ക് നീങ്ങുന്ന മഞ്ഞുമല പ്രതിദിനം അഞ്ച് കിലോമീറ്റർ എന്ന കണക്കിലാണ് ദൂരം താണ്ടുന്നത്.
കാലക്രമത്തിൽ എ23 പൂർണമായും ഉരുകി ഇല്ലാതാകുകയോ മറ്റേതെങ്കിലും ഐസ് ഷെൽഫിന്റെ ഭാഗമാകുകയോ ചെയ്യും എന്നാണ് ഗവേഷകർ പ്രവചിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ഹിമാനികൾ ചുരുങ്ങുന്ന സ്ഥിതിവിശേഷം എ23യെയും ബാധിച്ചേക്കാം എന്നും ഇവർ കണക്കുകൂട്ടുന്നു.
Discussion about this post