തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കും. അതേസമയം മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ തായ്ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതാണ് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറുക. നാളെയോടെ ചക്രവാതച്ചുഴി തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബുധനാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തെക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയത്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് എങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല.
Discussion about this post