കൊച്ചി; കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കലും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ ഇരുവരും സംഭവത്തെക്കുറിച്ച് വിദ്യാർത്ഥികളോട് വിശദമായി ചോദിച്ചറിഞ്ഞു. പരിക്കിന്റെ വ്യാപ്തിയും ചികിത്സയെക്കുറിച്ചും ആരാഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് കുസാറ്റിലെ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് സംഘടിച്ച ടെക് ഫെസ്റ്റ് ധിഷ്ണയ്ക്കിടെ തിക്കും തിരക്കും ഉണ്ടായത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ലൈവ് കൺസേർട്ടിന് മുൻപായി ഓഡിറ്റോറിയത്തിലേക്ക് വിദ്യാർത്ഥികൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. നാല് പേർ സംഭവത്തിൽ മരിച്ചിരുന്നു. 70 ലധികം പേർ ചികിത്സയിലാണ്.
ഒരു ഗേറ്റിലൂടെ മാത്രമാണ് വിദ്യാർത്ഥികളെ അകത്ത് കടത്തിയിരുന്നത്. പുറത്ത് മഴ പെയ്തു തുടങ്ങിയതോടെ അകത്തേക്ക് കയറാൻ വിദ്യാർത്ഥികൾ തിക്കും തിരക്കും കൂട്ടുകയായിരുന്നു. ഇതിനിടെ സ്‌റ്റെപ്പിൽ തട്ടി വിദ്യാർത്ഥികൾ താഴെ വീഴുകയായിരുന്നു.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.എസ് ഷൈജു, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറിമാരായ വി.കെ ഭസിത്കുമാർ, എസ്.സജി തുടങ്ങിയവരും കെ സുരേന്ദ്രനും വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു.
Discussion about this post