കൊല്ലം : ഓയൂരിൽ സ്വന്തം അനുജത്തിയെ കൺമുന്നിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയതിന്റെ ഞെട്ടലിലാണ് സഹോദരൻ. വൈകുന്നേരം സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയത്. കാറില് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഇവർ മാസ്‌ക് ധരിച്ചിരുന്നുവെന്നും ആരെയും മുൻപ് കണ്ട് പരിചയമില്ലെന്നും എട്ട് വയസുകാരനായ സഹോദരൻ പറഞ്ഞു.
”കാറിലെത്തിയ സംഘത്തിലെ ആളുകൾ അമ്മച്ചിക്ക് കൊടുക്കാനാണെന്ന് പറഞ്ഞ് ഒരു പേപ്പർ തന്നു. ഞാനത് വാങ്ങിയില്ല. അപ്പോഴേക്കും അവളെ അവർ പിടിച്ചുവലിച്ചു” കുട്ടി വിശദീകരിച്ചു. ” എന്റെ കൈയ്യിൽ ഒരു കമ്പുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും അവർ വിട്ടില്ല, എന്നെ വലിച്ചിഴച്ചു” സഹോദരൻ കൂട്ടിച്ചേർത്തു.
ഓയൂർ സ്വദേശി റെജിയുടെ മകളാണ് അബിഗേൽ സാറ റെജി. അതേസമയം കുട്ടിയെ തിരികെ വേണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നാണ് അജ്ഞാത സംഘത്തിന്റെ ആവശ്യം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണെന്നും, അഞ്ച് ലക്ഷം രൂപ തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ എന്നുമാണ് ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞത്. എന്നാൽ ഇതുവരെ സംഘത്തെ കണ്ടെത്താനായിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Discussion about this post