കോട്ടയം: സിപിഎമ്മിന്റെ പ്രതികാരനടപടിയിൽ വലഞ്ഞ് സമരവുമായി സംരംഭകരായ ദമ്പതിമാർ. കോട്ടയം എസ്പി ഓഫീസിന് മുന്നിൽ സംരംഭകരായ ബിനു കുര്യനും ഭാര്യ സുജ കുര്യനും ആണ് സമരം നടത്തുന്നത്. പാറമ്പുഴയിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേ ബിസിനസിന് സിപിഎം തടസം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ദമ്പതികളുടെ പ്രതിഷേധ സമരം.ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി സിപിഎം പ്രവർത്തകർ ഫ്ളക്സ് ബോർഡ് വച്ച് അപമാനിച്ചതായാണ് പരാതി.പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് ദമ്പതികൾ പറയുന്നു.
സംരംഭത്തിന് ലൈസൻസ് ഇല്ലെന്നും അപാകതകൾ പരിഹരിച്ചാൽ ലൈസൻസ് അനുവദിക്കാമെന്നും വിജയപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചു. പത്ത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നതായി ബിനു കുര്യൻ പറഞ്ഞു.
തുടർന്ന് ഹോംസ്റ്റേ വിപുലീകരിക്കാൻ ശ്രമിച്ചതോടെ സമീപത്തുള്ള മൂന്ന് സിപിഎം പ്രവർത്തകർ ഇടപെട്ട് പണി തടസപ്പെടുത്താൻ ശ്രമിച്ചു. ഇതിന് ശേഷം ഹോംസ്റ്റേയിലെത്തിയ മകളെയും ജീവനക്കാരെയും സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഇതിൽ കേസെടുക്കാതിരുന്നതിനെ തുടർന്ന് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. ഇതാണ് സിപിഎം പ്രവർത്തകർക്ക് തന്നോടും കുടുംബത്തോടും ഉണ്ടായ വൈരാഗ്യത്തിന് കാരണമെന്ന് ബിനു പറയുന്നു.
Discussion about this post