ടെൽഅവീവ്: കിടക്കകളായി പ്ലാസ്റ്റിക് കസേരകൾ. റൊട്ടിയും ചോറും അടങ്ങിയ നാമമാത്ര ഭക്ഷണം. കുളിമുറിക്കായുള്ള കാത്തിരിപ്പ് മണിക്കൂറുകൾ. ഹമാസിന്റെ ഏഴാഴ്ചത്തെ തടവിന് ശേഷം ബന്ദികൾ ഇസ്രായേലിലേക്ക് മടങ്ങുമ്പോൾ , അവരുടെ ദുരിതജീവിതത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഹമാസുകാർ ദയയുള്ളവരും കരുണമയൻമാരുമാണെന്ന രീതിയിൽ ഉയർന്ന വാഴ്ത്തുപാട്ടുകൾ തള്ളുന്നതാണ് ബന്ദികളായിരുന്നവർ വെളിപ്പെടുത്തുന്ന അനുഭവങ്ങൾ.
ബന്ദിയാക്കപ്പെട്ടപ്പോഴുള്ള അനുഭവങ്ങൾ വെളിപ്പെടുത്തുന്നതിൽ നിയന്ത്രണം ഉണ്ടെങ്കിലും കുടുംബാംഗങ്ങൾ മുഖേന പല അനുഭവങ്ങളും പുറംലോകത്ത് എത്തുന്നുണ്ട്. ബന്ദികളായിരുന്ന തന്റെ കുടുംബാംഗങ്ങൾക്ക് കിലോക്കണക്കിന് ശരീരഭാരമാണ് നഷ്ടപ്പെട്ടതെന്ന് അനുഭവസ്ഥർ വെളിപ്പെടുത്തുന്നു.
റിസപ്ഷൻ ഏരിയ പോലെ തോന്നിക്കുന്ന ഒരു മുറിയിൽ കസേരകളിൽ അവർ ഉറങ്ങിയിരുന്നതായി മോചിതയായ കുടുംബാംഗങ്ങളിൽ നിന്ന് താൻ കേട്ടതായി ഇസ്രായേൽ പൗരനായ മെറാവ് രവിവ് പറഞ്ഞു. ബാത്ത്‌റൂമിൽ പോകുന്നതിന് മുമ്പ് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. ബന്ദികളെ ഇത്രയും കാലം ഭൂമിക്കടിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ആഴ്ചകളോളം ഇരുട്ടിലായിരുന്നതിനാൽ പലർക്കും രക്ഷപ്പെടലിന് ശേഷം സൂര്യപ്രകാശവുമായി പൊരുത്തപ്പെടാൻ ഒരുപാട് സമയം എടുത്തു. ഇത് പോലെ ഹൃദയഭേദകമായ നിരവധി കാര്യങ്ങളാണ് രക്ഷപ്പെട്ട് തിരിച്ചെത്തിയവർ വെളിപ്പെടുത്തുന്നത്.
അതേസമയം ഗായിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് ‘എക്‌സ്’ പ്ലാറ്റ്‌ഫോം വഴി ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിർത്തലിൻറെ കാലാവധി തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് ഇസ്രായേലും ഹമാസുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടുദിവസത്തേക്ക് കൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ ധാരണയായത്.
Discussion about this post