പാരിപ്പളളി: കൊല്ലം പൂയപ്പളളിയിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത് വഴിയരികിലെ കടയുടമയുടെ ഫോണിൽ നിന്നും. കുളമട കിഴക്കനേല എൽപിഎസ് ജംഗ്ഷനിൽ കട നടത്തുന്ന ഗിരിജയുടെ ഫോണിൽ നിന്നാണ് ഇവർ വിളിച്ചത്. രാത്രി 7.30 ഓടെ ഭാര്യയും ഭർത്താവും എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേർ ഓട്ടോയിൽ കടയിൽ എത്തി ബിസ്‌കറ്റ് ഏതാണ് ഉളളതെന്ന് ചോദിച്ചു. ഇതിന് ശേഷമാണ് തന്ത്രപൂർവ്വം ഫോൺ വാങ്ങിയത്.
ഏത് ബിസ്‌കറ്റ് വേണമെന്ന് മോളോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് വന്ന സ്ത്രീ ഫോൺ ചോദിക്കുകയായിരുന്നു. നാട്ടിൻപുറമായതിനാൽ ചിലർ വീട്ടിലേക്ക് വിളിക്കാനുമൊക്കെയായി ഇടയ്ക്ക് വന്ന് ഫോൺ ചോദിക്കാറുളളതാണ്. അതുകൊണ്ടു തന്നെ സംശയമൊന്നും തോന്നിയില്ലെന്ന് ഗിരിജ പറഞ്ഞു. നീ ഫോൺ കൊണ്ടുവന്നില്ലേ എന്ന് ഒപ്പമുണ്ടായിരുന്ന പുരുഷൻ ചോദിച്ചു. ഇല്ല മറന്നുപോയി എന്നായിരുന്നു സ്ത്രീയുടെ മറുപടി.
ഈ സമയം കടയിലുളള ബിസ്‌ക്കറ്റുകളുടെ പേര് ഗിരിജ ഇവരോട് പറഞ്ഞു. ഫിഫ്റ്റി ഫിഫ്റ്റി ബിസ്‌കറ്റ് എടുക്കാൻ ഇവർ മറുപടി നൽകി. ഒരു പായ്ക്കറ്റ് എടുത്തപ്പോൾ ഒരെണ്ണം കൂടി എടുക്കാൻ പുരുഷൻ പറഞ്ഞു. പിന്നെ അടുത്തിരുന്ന കേക്കും റെസ്‌കും ഓരോ പായ്ക്കറ്റും എടുക്കാൻ പറഞ്ഞു. പിന്നീട് തേങ്ങ എത്രയാ വില എന്ന് ചോദിച്ചു. കിലോ 48 രൂപയാണെന്ന് പറഞ്ഞപ്പോൾ മൂന്ന് തേങ്ങയും എടുക്കാൻ പറഞ്ഞു. ഈ സമയത്തിനുളളിൽ സ്ത്രീ ഫോൺ തിരിച്ച് ഗിരിജയെ ഏൽപിക്കുകയും ചെയ്തു.
സാധനങ്ങൾ പൊതിഞ്ഞു കൊടുക്കാൻ നേരം വേണ്ട, കവറിലിട്ട് തന്നാൽ മതിയെന്ന് ആയിരുന്നു മറുപടി. കവറിലിട്ട് നൽകിയപ്പോൾ 500 രൂപയും നൽകി. പൈസ വാങ്ങി ബാക്കി നൽകിയ ഉടനെ ഇവർ മടങ്ങുകയും ചെയ്തു. പാരിപ്പളളി റൂട്ടിലാണ് ഇവർ വന്നത്. പളളിക്കൽ റൂട്ടിലോട്ടാണ് പോയതെന്ന് ഗിരിജ പറഞ്ഞു. കടയുടെ മുൻപിൽ നിന്നും മാറിയാണ് ഓട്ടോ പാർക്ക് ചെയ്തിരുന്നത്. ഓട്ടോയിൽ കുട്ടി ഉണ്ടായിരുന്നില്ല. ഇവരെക്കൂടാതെ ഡ്രൈവർ മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
പാരിപ്പളളി ഹൈവേയിൽ നിന്നും 2.5 കിലോമീറ്റർ ഉളളിലോട്ടാണ് ഈ സ്ഥലം. ഇവർ മടങ്ങിയ ശേഷം 10 മിനിറ്റിനുളളിൽ പാരിപ്പളളി സിഐയുടെ വിളി എത്തിയതായി ഗിരിജ പറഞ്ഞു. എവിടെയാണ് ഉളളതെന്ന് ചോദിച്ചു. കടയിലാണെന്ന് പറഞ്ഞപ്പോൾ അവിടെ നിൽക്ക് ഇപ്പോൾ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. പോലീസ് വന്ന് ഫോൺ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
പുരുഷൻ കാക്കി പാന്റ്‌സും വെളള ഷർട്ടുമായിരുന്നു ധരിച്ചത്. സ്ത്രീ പച്ച ചുരിദാർ ധരിച്ച് കറുത്ത ഷാൾ തലയിൽ ചുറ്റിയിരുന്നു. 30 സെക്കൻഡാണ് ഇവർ വിളിച്ച കോൾ നീണ്ടു നിന്നത്. സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങവേയാണ് അബിഗേൽ സാറ റെജി എന്ന ആറ് വയസുകാരിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ആദ്യം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു കോൾ വന്നത്. രണ്ടാമത് പത്ത് ലക്ഷം രൂപയും. ആദ്യ തവണ വിളിക്കാനാണ് ഗിരിജയുടെ ഫോൺ ഉപയോഗിച്ചത്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് വിളിച്ചത്.
Discussion about this post