കൊച്ചി: കൊല്ലം ഓയൂരിൽ നിന്ന് കാണാതായ കുട്ടിയെ തിരിച്ചുകിട്ടിയതിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും അഭിനന്ദിക്കുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം. കേരളം മുഴുവൻ ഒറ്റക്കെട്ടായി ജനകീയമായി ഏറ്റെടുത്ത സംഭവത്തിന്റെ ക്രെഡിറ്റ് രാഷ്ട്രീയമായി ഏറ്റെടുക്കാനുളള ശ്രമത്തെ രൂക്ഷമായ ഭാഷയിലാണ് പലരും വിമർശിച്ചത്.
മുഖ്യമന്ത്രിയോടുളള റിയാസിന്റെ സ്‌നേഹം കാണുമ്പോൾ മിണ്ടാതിരിക്കാൻ തോന്നുന്നില്ലെന്ന് പറഞ്ഞാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജിന്റെ പ്രതികരണം. എന്റെ പൊന്നു റിയാസേ എന്ന് പരിഹസിച്ചുകൊണ്ടാണ് ശ്യാംരാജ് പോസ്റ്റ് ആരംഭിക്കുന്നത്. പോലീസ് ഒന്നും ചെയ്തില്ലെന്ന അഭിപ്രായമൊന്നുമില്ല. പക്ഷേ ഈ സമയത്തും റിയാസിന്റെ സ്ഥിരം മമ്മൂഞ്ഞ് കളി വല്ലാത്ത കഷ്ടം തന്നെയെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി.
ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുന്ന സമയത്ത് പോലീസിനുണ്ടായ ശ്രദ്ധക്കുറവിനെയും സിസിടിവി ദൃശ്യങ്ങളിലെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ശ്യാംരാജ് വിമർശിച്ചു. ‘ചിത്രത്തിൽ വൃത്തത്തിനുള്ളിൽ കാണിച്ചിരിക്കുന്നത് കുട്ടിയെ ആശ്രാമം മൈതാനത്തിലേക്ക് കൊണ്ടുവന്ന ഓട്ടോറിക്ഷയാണ്. അതേസമയത്ത് തന്നെയാണ് അതേ വശത്തുകൂടി തന്നെ ഓട്ടോറിക്ഷയെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒന്നല്ല, രണ്ട് പോലീസ് ജീപ്പുകൾ കടന്നുപോയതും. കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് സ്ഥലം വിടുകയും ചെയ്തു, പോലീസാണെങ്കിൽ കുറ്റവാളിയും കുട്ടിയും തൊട്ടടുത്ത് ഉണ്ടായിട്ടും ആശ്രാമം മൈതാനിക്ക് ചുറ്റും വീണ്ടും കറങ്ങി നടക്കുകയും ചെയ്തു’ ശ്യാംരാജ് പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവരാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പോലീസിനെ അറിയിച്ചത്. പിന്നീടാണ് പോലീസെത്തിയതും കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതും. എന്നാൽ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും അഭിനന്ദിച്ച റിയാസിന്റെ പോസ്റ്റ്. വിവരം അറിഞ്ഞതുമുതൽ ഇടപെട്ട ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള പോലീസിനും സല്യൂട്ട് എന്നായിരുന്നു പോസ്റ്റ്.
Discussion about this post