തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി എൻ ഭാസുരാംഗനെ ജയിലിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഭാസുരാംഗനെ ജയിലിലേക്ക് മാറ്റിയത്. നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഭാസുരാംഗൻ.
തട്ടിപ്പ് കേസിൽ ഭാസുരാംഗനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ജയിലിലെ ഡോക്ടർ പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമായതിനാൽ ഭാസുരാംഗനെതിരെ തുടർനടപടികൾ ഉടൻ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കണ്ടല സഹകരണ ബാങ്കിൽ നിന്നും 51 കോടി രൂപയുടെ തട്ടിപ്പാണ് ഭാസുരാംഗൻ നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. മന്തിലി ഡെപ്പോസിറ്റ് സ്‌കീം ചിട്ടികളിലൂടെ ക്രമക്കേട് നടത്തിയായിരുന്നു ഈ പണം ഭാസുംരാംഗൻ കൈക്കലാക്കിയത്. ശ്രീജിത്, അജിത് കുമാർ എന്നിങ്ങനെ രണ്ട് ബിനാമി പേരുകളിൽ വിവിധ അക്കൗണ്ടുകൾ തുടങ്ങിയായിരുന്നു തട്ടിപ്പ്. കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ പേരിൽ രണ്ട് അക്കൗണ്ടുകളിലായി 11,90,861 രൂപയും 92,42,544 രൂപയും നിക്ഷേപമുണ്ട്. അഖിൽ ജിത്തിന്റെ പേരിൽ 1,50,48,564 രൂപയും, ഭാര്യ ജയകുമാരിയുടെ പേരിൽ 42,87,345 രൂപയും, മകൾ അഭിമയുടെ പേരിൽ 78,63,407 രൂപയുടേയും നിക്ഷേപമുണ്ട്.
Discussion about this post