കരുവാറ്റ: നാല് വീപ്പകൾക്ക് മുകളിൽ പ്ലാറ്റ്‌ഫോം കെട്ടിയൊരുക്കിയ ചങ്ങാടം ഉദ്ഘാടനം ചെയ്യാനെത്തിയത് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഉദ്ഘാടനത്തിന് പിന്നാലെ നടത്തിയ ആദ്യ യാത്രയിൽ തന്നെ ചങ്ങാടം തലകുത്തി വെളളത്തിൽ പോയി. കയറി നിന്നവരും വെളളത്തിൽ വീണു. കുട്ടികൾ ഇല്ലാതിരുന്നതിനാലും ചങ്ങാടത്തിൽ ഉണ്ടായിരുന്നവർക്ക് നീന്തൽ അറിയാമായിരുന്നതിനാലും ആളപായം ഒഴിവായി.
ആലപ്പുഴ കരുവാറ്റ ചെമ്പിൽ തോട്ടിലായിരുന്നു സംഭവം. സാഹസീക ചങ്ങാട യാത്രയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷിന്റെ 14 ാം വാർഡിനെയും തോടിന്റെ മറുകരയിലുളള വൈസ് പ്രസിഡന്റ് ടി പൊന്നമ്മയുടെ 13 ാം വാർഡിനെയും ബന്ധിപ്പിച്ചായിരുന്നു ചങ്ങാട സർവ്വീസ് ഏർപ്പെടുത്തിയത്. വീപ്പകൾക്ക് മുകളിൽ പ്ലാറ്റ്‌ഫോം ഉറപ്പിച്ച് സൈഡിൽ സുരക്ഷയ്ക്കായി ചുറ്റിനും കമ്പികളും വെൽഡ് ചെയ്തു വെച്ചിരുന്നു. തോടിന് കുറുകെ കെട്ടിയ കയറിൽ പിടിച്ച് ചങ്ങാടം മുന്നോട്ടു നീക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
ഉദ്ഘാടനത്തിന് പിന്നാലെ പ്രസിഡന്റും വൈസ് പ്രസിഡന്റും കയറി അക്കരെ പോയി. അപകടമില്ലായിരുന്നു. തിരിച്ചുളള യാത്രയിൽ ചങ്ങാടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി കൂടുതൽ ആളുകൾ കയറി. കടവിൽ നിന്ന് നീങ്ങിയപ്പോൾ തന്നെ ചങ്ങാടത്തിന്റെ ഒരു ഭാഗം താണിരുന്നു. ഇത് കാര്യമാക്കാതെ മുന്നോട്ടു നീങ്ങിയതോടെയാണ് തലകീഴായി മറിഞ്ഞ് കയറിയവരെല്ലാം വെളളത്തിൽ വീണത്.
ചങ്ങാടത്തിലെ സാഹസീക യാത്രയും അപകടവും വീഡിയോ കാണാം
ഉദ്ഘാടനം കാണാനെത്തിയവരാണ് തോട്ടിൽ ചാടി വൈസ് പ്രസിഡന്റിനെ ഉൾപ്പെടെ ഇക്കരെ കൊണ്ടുവന്നത്. തിരിച്ചുളള യാത്രയിൽ അധികം ആളുകൾ കയറാതെ മടങ്ങാൻ നോക്കിയെങ്കിലും ഇക്കരെ നിന്നവർ നിറയെ ആളുകളുമായി വരാൻ നിർബന്ധിക്കുകയായിരുന്നു. ചങ്ങാടം അങ്ങനെയൊന്നും വെളളത്തിൽ പോകില്ലെന്നും ധൈര്യമായി കയറാനും ഇവർ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പങ്കെടുത്തവർക്ക് ചായയും ഒരുക്കിയിരുന്നു. ചങ്ങാടത്തിൽ തിരിച്ചെത്തി ചായ കുടിച്ചിട്ടേ പോകാവൂ എന്ന് ഓർമ്മിപ്പിച്ചായിരുന്നു അക്കരെയ്ക്ക് ഇവരെ യാത്രയാക്കിയത്. ഇതിനുളള യാത്രയിലാണ് ചങ്ങാടം മറിഞ്ഞതും. അപകടം ഉണ്ടായതോടെ ചങ്ങാടം സുരക്ഷിതമല്ലെന്നും ഇനി ഉപയോഗിക്കേണ്ടെന്നുമുളള തീരുമാനത്തിലാണ് നാട്ടുകാർ.
Discussion about this post