തിരുവനന്തപുരം : സിനിമ – സീരിയല്‍ നടിയും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്ത്. ഗായത്രിയുടേത് അത്യുജ്ജല പ്രഭാഷണമാണെന്നും കേരളത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് അവരെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഗായത്രി വര്‍ഷയുടെ നേരെയുണ്ടായ സൈബര്‍ ആക്രമണം അപലപനീയമാണ്. വളരെ നീചമായ രീതിയിലാണ് അവരെ ചിത്രീകരിക്കുന്നത്. നവകേരള സദ്ദസ്സിന് അനുകൂലമായി ഗായത്രി നടത്തിയ അത്യുജ്ജ്വലമായ പ്രഭാഷണം സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിച്ചതിന്റെ പിന്നാലെയാണ് ഒരു കൂട്ടര്‍ തികച്ചും സ്ത്രീവിരുദ്ധമായ ഭാഷയില്‍ അവരെ സൈബര്‍ ഇടങ്ങളില്‍ ആക്ഷേപിക്കാന്‍ ആരംഭിച്ചിട്ടുള്ളതെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പറയുന്നു.
“കേരളത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് ഗായത്രി. അവര്‍ നടത്തിയ പ്രഭാഷണം കാര്യമാത്ര പ്രസക്തിയുള്ളതും തികഞ്ഞ രാഷ്ട്രീയ വ്യക്തത ഉള്ളതുമാണ്. ഇത്തരത്തില്‍ നല്ല ബോധ്യത്തോടെ സ്ത്രീകള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതും ഒതുക്കിയിരുത്താന്‍ ശ്രമിക്കുന്നതും ആണധികാര ബോധത്തിന്റെ പ്രതിഫലനമാണ്”, അസോസിയേഷന്‍ കുറ്റപ്പെടുത്തി.
സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ സാംസ്‌കാരിക രംഗത്തെ എത്രത്തോളം മലീമസപ്പെടുത്തുന്നു എന്നത് അതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ ഭയരഹിതമായി വിളിച്ചു പറയുമ്പോള്‍, പൊതുസമൂഹമെന്ന നിലയ്ക്ക് അവര്‍ക്ക് നിരുപാധിക പിന്തുണ നല്‍കുകയാണ് നാം ചെയ്യേണ്ടത്. ഗായത്രിയുടെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട് എന്നുള്ളതാണ് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം തെളിയിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു. കൂടാതെ കലാ- സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സധൈര്യം മുന്നോട്ട് പോകുന്ന ഗായത്രി വര്‍ഷയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Discussion about this post