പത്തനംതിട്ട: ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സൂചനാ പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എസ്. ഗോപകുമാർ. പണിമുടക്കിന് മുന്നോടിയായി നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിർത്തലാക്കി ദ്രോഹനടപടി തുടരുകയാണ്. ഇടതു സർക്കാർ വാഗ്ദാനം നൽകിയ ചെയ്ത പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ലഭിക്കാതെ എൺപതിനായിരത്തോളം പെൻഷൻകാരാണ് സംസ്ഥാനത്ത് മരണപ്പെട്ടിട്ടുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാർക്ക് 2021 ജനുവരി മുതൽ ലഭ്യമാക്കേണ്ട 18% ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സർക്കാർ വാക്ക് പാലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് കാര്യക്ഷമമാക്കുക, ശമ്പള, പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
സർക്കാരിന്റെ വാക്ക് കേട്ട് നെല്ല് കൃഷി ചെയ്ത പാവം കർഷകർ ഒന്നിന് പിറകേ ഒന്നായി ആത്മഹത്യ ചെയ്യുന്നു. ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങിയതിനാൽ മരുന്നിനും ഭക്ഷണത്തിനും മറ്റ് മാർഗമില്ലാതെ വൃദ്ധജനങ്ങൾ മരണത്തിന് കീഴടങ്ങുന്നു. മറിയക്കുട്ടിയമ്മയെ പോലെ അവശേഷിച്ചവർ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുന്നു. സർക്കാരിൽ നിന്ന് സഹസ്രകോടികൾ ലഭിക്കാനുള്ള കോൺട്രാക്ടർമാർ മുതൽ തുച്ഛമായ പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ഇരകൾ വരെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
കേരളീയത്തിന്റെ പേരിൽ ആദിവാസികളെ കാഴ്ചവസ്തുവാക്കിയ സർക്കാർ, സ്‌കൂൾ വാഹനങ്ങൾക്ക് ഫീസ് നൽകാത്തതിനാൽ അവരുടെ കുട്ടികളുടെ പഠനം മുടങ്ങുന്നത് കാണുന്നില്ല. മിടുക്കരായ കുട്ടികൾക്കുള്ള എൽഎസ്എസ് – യുഎസ്എസ് സ്‌കോളർഷിപ്പ് സാമ്പത്തിക പരാധീനതയുടെ പേരിൽ പിടിച്ചു വെച്ചിരിക്കുന്ന സർക്കാരാണ് കേരളീയത്തിനും നവകേരള സദസ്സിനും കോടികൾ ധൂർത്തടിക്കുന്നതെന്ന് പി. എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടി.
വിലക്കയറ്റം മൂലം പൊറുതിമുട്ടിയ സാധാരണക്കാർക്ക് ആശ്വാസമാകേണ്ട സിവിൽ സപ്ലൈസ് കോർപ്പറേഷൻ അവശ്യസാധനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ചത് ഇരുട്ടടിയായി. വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ അസാധാരണ നിരക്കുവർധനയും നികുതി ഭാരവും മൂലം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് ബി നായർ അധ്യക്ഷത വഹിച്ചു. എൻജിഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ്, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പിസി. സിന്ധുമോൾ, സംസ്ഥാന സമിതി അംഗം കെജി അശോക് കുമാർ, എൻറ്റിയു സംസ്ഥാന സമിതി അംഗം ജെ. രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അനിത ജി. നായർ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ്. ഗിരീഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ് നന്ദിയും പറഞ്ഞു.
Discussion about this post