മോസ്കോ: അന്താരാഷ്ട്ര എൽ ജി ബി ടി ക്യു പ്രസ്ഥാനത്തിന് നിരോധനം ഏർപ്പെടുത്തി റഷ്യ. അരാജകവും അധാർമികവുമായ പ്രസ്ഥാനം ഭീകരവാദമാണെന്ന് റഷ്യൻ സുപ്രീം കോടതി വ്യക്തമാക്കി. എൽ ജി ബി ടി ക്യു പ്രസ്ഥാനത്തെ നിരോധിക്കണമെന്ന നീതിന്യായ മന്ത്രാലയത്തിന്റെ അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.
ഭീകരവാദ ആഭിമുഖ്യമുള്ളവർ എൽ ജി ബി ടി ക്യു പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. സാമൂഹികവും ധാർമികവുമായ മൂല്യങ്ങൾ തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും റഷ്യൻ നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, എല്ലാ തരത്തിലുമുള്ള എൽ ജി ബി ടി ക്യു സംഘടനകൾക്കും റഷ്യയിൽ നിരോധനം പ്രാബല്യത്തിൽ വന്നു. നിരോധനം നിലവിൽ വന്നതോടെ എൽ ജി ബി ടി ക്യു സംഘടനകളിൽ പെട്ടവർ റഷ്യയിൽ അറസ്റ്റിലാകാനുള്ള സാദ്ധ്യതകൾ സജീവമായി.
എൽ ജി ബി ടി ക്യു പ്രസ്ഥാനത്തെ പാശ്ചാത്യ പ്രൊപ്പഗണ്ട എന്നാണ് നേരത്തേ റഷ്യ വിശേഷിപ്പിച്ചിരുന്നത്. പാരമ്പര്യേതര ലൈംഗിക ചോദനകളെ പ്രകൃതി വിരുദ്ധം എന്ന് തന്നെയാണ് റഷ്യ വിശേഷിപ്പിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയകൾക്കും നിരോധനമുള്ള രാജ്യമാണ് റഷ്യ.
രാജ്യത്ത് വ്യത്യസ്ത ലിംഗ വ്യക്തിത്വങ്ങളെ അംഗീകരിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗേ പരേഡുകൾ എന്നായിരുന്നു എൽ ജി ബി ടി ക്യു കൂട്ടായ്മകളെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
Discussion about this post