വാഷിംഗ്ടൺ: ചൈനയിലെ കുട്ടികൾക്കിടയിൽ വ്യാപകമായി പടർന്ന് പിടിക്കുന്ന അജ്ഞാത ശ്വാസകോശ രോഗം ലോകരാജ്യങ്ങളിലും ഭീതി വിതയ്ക്കുന്നു. കൊവിഡിന് സമാനമായ രീതിയിൽ ഈ രോഗം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്ന ആശങ്കയാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ പങ്കുവെക്കുന്നത്. അമേരിക്കയിലെ ഒഹിയോയിൽ, ചൈനയിലെ അജ്ഞാത രോഗബാധക്ക് സമാനമായ ലക്ഷണങ്ങളോടെ കുട്ടികൾ ചികിത്സ തേടുന്ന സംഭവം പല തരത്തിലുമുള്ള അഭ്യൂഹങ്ങൾക്ക് വഴിവെക്കുകയാണ്.
അമേരിക്കയിൽ കുട്ടികളെ ബാധിക്കുന്ന ന്യുമോണിയ ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നത് ഒഹിയോയിലാണ്. രോഗബാധ വ്യാപകമായ സാഹചര്യത്തിൽ വാറൻ കൗണ്ടി പകർച്ചവ്യാധി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് മാസത്തിന് ശേഷം 142 കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
രോഗബാധ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രസ്താവന പുറത്തിറക്കി. എട്ട് വയസാണ് രോഗം ബാധിക്കുന്ന കുട്ടികളുടെ ശരാശരി പ്രായം. സ്കൂളുകളിൽ നിന്നാണ് പ്രധാനമായും കുട്ടികൾക്ക് രോഗം പകർന്ന് കിട്ടുന്നത് എന്ന് അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നവംബർ 13നാണ് കുട്ടികളെ ബാധിക്കുന്ന ന്യുമോണിയ രാജ്യത്ത് പടരുന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അന്ന് രോഗബാധയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈന അത് ചെവിക്കൊണ്ടിരുന്നില്ല.
Discussion about this post