ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെ തേടി പാകിസ്താനിലേക്ക് പോയി മതം മാറി വിവാഹം ചെയ്ത അഞ്ജുവെന്ന ഫാത്തിമ തങ്ങളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് ആദ്യഭർത്താവിലെ മക്കൾ. രാജസ്ഥാനിലേക്ക് വരികയോ തങ്ങളെ കാണാനോ അമ്മ വന്നിട്ടില്ലെന്ന് മക്കൾ വെളിപ്പെടുത്തി. തങ്ങൾക്ക് കാണാൻ താത്പര്യമില്ലെന്ന് കുട്ടികൾ വെളിപ്പെടുത്തിയതായാണ് വിവരം. പാകിസ്താനിലേക്ക് പോയതിന് ശേഷം ഇത് വരെ ഫാത്തിമ മക്കളെ ഫോണിൽ പോലും ബന്ധപ്പെട്ടിരുന്നില്ല.
അഞ്ജുവെന്ന ഫാത്തിമ തിരികെ ഇന്ത്യയിലെത്തിയത് മക്കളെ കാണാനാവാത്തതിലുള്ള മാനസികസംഘർഷത്താലാണെന്നായിരുന്നു പ്രചരണം. ഫാത്തിമ ഇന്ത്യയിൽ എത്തിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ രാജസ്ഥാനിലുള്ള ആദ്യ ഭർത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തുമെന്നും ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്താനിലേയ്ക്ക് കൊണ്ടുപോകുമെന്നും മൊഴി നൽകിയതായി വിവരങ്ങളുണ്ടായിരുന്നു.
എന്നാൽ ഇന്ത്യയിലെത്തി ഇത്രദിവസം കഴിഞ്ഞിട്ടും മക്കളെ കാണാൻ ശ്രമിക്കാത്തത് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. താനും അഞ്ജുവും ഇതുവരെ വിവാഹമോചിതരായിട്ടില്ലെന്നാണ് അരവിന്ദ് പറയുന്നത്. വിവാഹമോചനത്തിന് മൂന്ന് മുതൽ അഞ്ച് മാസം വരെ എടുക്കും.അഞ്ജുവിന് ഇന്ത്യയിൽ വരാൻ ഒരു മാസമേ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. വിവാഹമോചനത്തിന് ശേഷം മാത്രമേ അവർക്ക് മക്കളുടെ സംരക്ഷണം ലഭിക്കൂ, അതിനുമുമ്പ് ലഭിക്കില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
Discussion about this post