തിരുവനന്തപുരം: കടലും കടല്‍തീരത്തെ കാഴ്ചകളുമെല്ലാം മലയാളികള്‍ക്ക് പണ്ടേ പ്രിയമാണ്. കടല്‍ കാറ്റിന്റെ തലോടലില്‍ സൊറ പറഞ്ഞിരിക്കാനും പ്രണയം പങ്കുവെക്കാനുമെല്ലാം ഇഷ്ടയിടമാണ് ബീച്ചുകള്‍. വിദേശരാജ്യങ്ങളുടെ മാതൃകയില്‍ വിവാഹ വേദി കൂടിയായി മാറുകയാണ് കേരളത്തിലെ ബീച്ചുകള്‍. ശംഖുമുഖത്താണ് ഇത്തരത്തില്‍ ആദ്യ വിവാഹം നടന്നത്.
റിയാസും അനഘയുമായിരുന്നു വധൂവരന്‍മാര്‍. വിവാഹത്തിനായി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും വെഡ്ഡിങ് ഡെസ്റ്റിനേഷനുകളാക്കി സ്വന്തം നാടിനെ മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മന്‍ കി ബാത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശംഖുമുഖം വെഡ്ഡിങ് ഡെസ്റ്റിനേഷനും ഒരുങ്ങിയത്.
ഉള്ളൂര്‍ സ്വദേശിനി അനഘയും കൊല്ലം സ്വദേശി റിയാസുമാണ് വെഡിങ് ഡെസ്റ്റിനേഷന്‍ കേന്ദ്രത്തിലെ ആദ്യ വധൂവരന്മാരായത്. കടലിനെ സാക്ഷിയാക്കി അനഘയും റിയാസും പുതുജീവിതത്തിലേക്ക് നടന്നു കയറി. ബീച്ചുകള്‍ ഇഷ്ടമാണെന്നും ഇത്തരമൊരു പദ്ധതിയില്‍ ആദ്യ ദമ്പതികളാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും റിയാസും അനഘയും പ്രതികരിച്ചു. പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ അന്വേഷണം നടത്തി ബുക്ക് ചെയ്യുകയായിരുന്നു.
രണ്ടു കോടിയോളം രൂപ ചിലവിട്ട് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ്. വിവാഹം നടത്താന്‍ എത്തുന്നവര്‍ക്കുള്ള താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ തന്നെ ഒരുക്കിയിരുന്നു. പദ്ധതി ടൂറിസം മേഖലയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കുമന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Discussion about this post