കൊച്ചി: നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തു.
മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
നവംബർ 10 നാണ് നവ കേരള സദസ്സ് പരിപാടിക്കായി പണം വിനിയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. തനത് ഫണ്ടിൽ നിന്ന് നിശ്ചിത പണം ചെലവഴിക്കാനാണ് അനുമതി നൽകിയത്. സംഘാടകർ ആവശ്യപ്പെടുന്ന തുക തദ്ദേശസ്ഥാപനങ്ങൾ നൽകണം. ഗ്രാമ പഞ്ചായത്തുകൾക്ക് 50,000 രൂപ വരെ ചെലവഴിക്കാമെന്നും ഉത്തരവുണ്ടായിരുന്നു.
തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുണ്ടായ സർക്കാർ നടപടി ഏറെ വിമർശനത്തിന് കാരണമായിരുന്നു.
Discussion about this post