തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് കുടിവെള്ളം ഉപയോഗിച്ച് വൈദ്യുതദീപം തെളിയിച്ച് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാചസ്പതി. കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനം നിലവിളക്ക് തെളിയിക്കുന്നതിന് പകരം വെള്ളമൊഴിച്ച് ചിരാത് കത്തിച്ച് നടത്തിയത് സ്പീക്കർ ഷംസീറും സയൻസ് ഏതാ സവാള വട ഏതാ എന്ന് തിരിച്ചറിയാത്ത ചില ചാനൽ പ്രവർത്തകരും എന്തോ മഹാ സംഭവമായി ആഘോഷിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സത്യത്തിൽ കേരളത്തിൻറെ മഹത്തായ പാരമ്പര്യത്തിന് തീരാക്കളങ്കമാണ് ഈ സർക്കാരും അവരുടെ കുഴലൂത്തുകാരുമായ മാദ്ധ്യമങ്ങളുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആമസോണിൽ 299 രൂപയ്ക്ക് 12 എണ്ണവും ഫ്‌ലിപ്പ്കാർട്ടിൽ 349 രൂപയ്ക്ക് 18 എണ്ണവും കിട്ടുന്ന കൂതറ ചൈനാ പ്ലാസ്റ്റിക് സാധനത്തിനെയാണ് ടെമ്പർ ഷംസീറും മാധ്യമങ്ങളും പുരപ്പുറത്ത് കയറി നിന്ന് പുകഴ്ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കളെയും മാദ്ധ്യമ പ്രവർത്തകരേയും ശാസ്ത്ര ബോധമുള്ളവർക്ക് മുൻപിൻ പൊട്ടൻ കളിപ്പിച്ചത് ആരായാലും അവർക്കെതിരെ കർശന നടപടി ആവശ്യമുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം വാഴമുട്ടം ഹൈസ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകനായ കെ.വി ഷാജിയുടെ കണ്ടുപിടുത്തം എന്ന നിലയിലാണ് മാദ്ധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചത്. രണ്ട് കാരണങ്ങൾ കൊണ്ട് ശാസ്ത്രമേളയുടെ സംഘാടകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. ഉത്തരേന്ത്യയിലെ തെരുവോരത്ത് പോലും വാങ്ങാൻ കിട്ടുന്ന ഒരു ഉത്പന്നത്തെ വലിയ കണ്ടുപിടുത്തം എന്ന നിലയിൽ അവതരിപ്പിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിച്ചതാണ് ആദ്യ കുറ്റം. രണ്ടാമത്തെ കുറ്റം ശാസ്ത്ര സിദ്ധാന്തം എന്ന നിലയിൽ മണ്ടത്തരം അവതരിപ്പിച്ചതാണെന്ന് സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.
കേരളത്തിന് വെളിയിലും ലോകമുണ്ടെന്നും അവിടെയൊക്കെ അതി സമർത്ഥരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നുണ്ടെന്നും ഓർമ്മ വേണം. അവരുടെ മുന്നിലേക്ക് ശാസ്ത്രീയമായ കണ്ടുപിടുത്തം എന്ന് പറഞ്ഞ് കൂതറ ചൈനാ പ്ലാസ്റ്റിക്കുമായി നമ്മുടെ കുഞ്ഞുങ്ങളെ ഇറക്കി വിടരുത്. അവർ സ്വന്തം നിലയ്ക്ക് കണ്ടുപിടുത്തങ്ങൾ നടത്തട്ടെ. ഇത്തരം മണ്ടത്തരങ്ങളുടെ പ്രചാരകരായി നേതാക്കൾ തന്നെ ഇറങ്ങിത്തിരിക്കുമ്പോൾ നാണം കെടുന്നത് ഒരു നാട് മുഴുവനാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ വഞ്ചകൻമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉദ്ഘാടകനായ സ്പീക്കർ ഷംസീർ തന്നെ മുൻകൈ എടുക്കണം. അല്ലായെങ്കിൽ ‘ഫുട് പാത്ത് കണ്ടുപിടുത്തങ്ങൾ’ ശാസ്ത്രമേളയിൽ കയറി നിരങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post