മോസ്‌കോ: റഷ്യയിലെ ജനനനിരക്ക് ഉയർത്തണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് വ്്ലാഡിമർ പുടിൻ. വേൾഡ് റഷ്യൻ പീപ്പിൾ കൗൺസിലിൽ നടത്തിയ വീഡിയോ അഭിസംബോധനയിൽ ആയിരുന്നു പുടിന്റെ ആഹ്വാനം. എട്ട് കുട്ടികൾ വരെയാകാമെന്ന നിലപാടും പുടിൻ തുറന്നുപറഞ്ഞു.
വലിയ കുടുംബങ്ങളെ സൃഷ്ടിക്കുക എന്നതാവണം ലക്ഷ്യം. നമ്മുടെ പല മുതുമുത്തശ്ശിമാർക്കും ഏഴോ എട്ടോ അതിലധികമോ കുട്ടികളുള്ളവർ ആയിരുന്നു. ആ പാരമ്പര്യം വീണ്ടെടുക്കണമെന്ന് ആയിരുന്നു പുടിന്റെ വാക്കുകൾ. വലിയ കുടുംബങ്ങൾ റഷ്യയിലെ എല്ലാ ജനങ്ങളുടെയും ജീവിതരീതിയായി മാറണം. കുടുംബം രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, അത് ഒരു ആത്മീയ പ്രതിഭാസമാണ്, ധാർമ്മികതയുടെ ഉറവിടമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ലോകമോ റഷ്യയോ റഷ്യക്കാർ ഒരു വംശമായോ നിലനിൽക്കണമെങ്കിൽ റഷ്യക്കാരില്ലാതെ സാദ്ധ്യമാകില്ലെന്ന് താൻ ഊന്നിപ്പറയുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു. തന്റെ വാക്കുകളിൽ ഒരു തിരഞ്ഞെടുക്കലോ പ്രത്യേകതയോ ഇല്ല. ഒരു രാഷ്ട്രം രൂപീകരിക്കുന്നതിനുളള ഭാഷയായി റഷ്യൻ ഭാഷയെ നമ്മുടെ ഭരണഘടന നിർവ്വഹിച്ചിരിക്കുന്നതുപോലുളള വസ്തുതയാണത്. റഷ്യക്കാരനാകുകയെന്നാൽ ദേശീയതയെക്കാൾ ഉപരിയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
കണക്കുകൾ പ്രകാരം 1990 മുതൽ റഷ്യയുടെ ജനനനിരക്ക് കുറഞ്ഞു വരികയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യത്ത് 300,000-ലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടിൽ പറയുന്നത്. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഒമ്പത് ലക്ഷത്തോളം ആളുകളാണ് രാജ്യം വിട്ടത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ ബാധിക്കുന്നുണ്ട്.
Discussion about this post