ഹൈദരബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ തെലങ്കാന കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയും തലപൊക്കുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അനുമൂല രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. പാർട്ടിയുടെ വിജയം ഉറപ്പിച്ച ശേഷം ഹൈദരാബാദിലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയ രേവന്ത് റെഡ്ഡിയെ സിഎം വിളികളോടെയാണ് അനുയായികൾ വരവേറ്റത്.
ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസിനെ അപ്രതീക്ഷിതമായി അട്ടിമറിച്ചാണ് കോൺഗ്രസ് തെലങ്കാനയിലെ ഭരണം പിടിക്കുന്നത്. അതേസമയം രേവന്ത് റെഡ്ഡിക്കെതിരെ പ്രാദേശിക നേതാക്കളുടെ എതിർപ്പുകൾ ഒരുവിധത്തിൽ ഒതുക്കിയാണ് തെലങ്കാനയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഏകാധിപത്യ സ്വഭാവമാണെന്നും സ്വന്തം ആളുകളെ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും ഉൾപ്പെടെയുളള വിമർശനങ്ങളാണ് രേവന്ത് റെഡ്ഡിക്കെതിരെ ഉയർന്നിരുന്നത്. അതുകൊണ്ടു തന്നെ രേവന്തിനെ മുഖ്യമന്ത്രിയാക്കിയാൽ പാർട്ടിക്കുളളിൽ തന്നെ കടുത്ത എതിർപ്പ് നേരിടുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
തെലങ്കാന കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ എൻ ഉത്തംകുമാർ റെഡ്ഡി ഉൾപ്പെടെ മുഖ്യമന്ത്രി പദവി ലക്ഷ്യം വെച്ച് രംഗത്തുണ്ടായിരുന്നു. വിദ്യാർത്ഥി സംഘടനയായ എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുരംഗത്ത് എത്തുന്നത്. പിന്നീട് ടിഡിപിയിലേക്ക് മാറിയ രേവന്ത് റെഡ്ഡി 2009 ലും 2014 ലും കോഡാങ്ങൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. അഴിമതി ആരോപണം ഉയർന്നുവന്നതോടെ ടിഡിപിയിൽ നിന്ന് രാജിവെച്ചു.
2017 ലാണ് രേവന്ത് റെഡ്ഡി കോൺഗ്രസിലെത്തുന്നത്. 2018 ലെ തിരഞ്ഞെടുപ്പിൽ കോഡാങ്ങലിൽ ബിആർഎസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. പക്ഷെ മാസങ്ങൾക്കുളളിൽ 2019 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരി മണ്ഡലത്തിൽ നിന്ന് വിജയിച്ച് വലിയ തിരിച്ചുവരവ് നടത്തി. രാഹുൽ ഗാന്ധിയുമായി ഉൾപ്പെടെ അടുപ്പം പുലർത്തുന്ന രേവന്ത് റെഡ്ഡി ഈ സാദ്ധ്യതകൾ അനുകൂലമാകുമെന്ന വിലയിരുത്തലിലാണ്.
Discussion about this post