ന്യൂഡൽഹി: വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുന്നേ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പൂച്ചെണ്ട് നൽകിയ തെലങ്കാന ഡിജിപിയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിജിപി അഞ്ജനി കുമറിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതിന് മുൻപ് പോലീസ് മേധാവി, സ്ഥാനാർത്ഥിയെ അനുമോദിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
സംസ്ഥാന പോലീസ് നോഡൽ ഓഫീസർ സഞ്ജയ് ജയിൻ, നോഡൽ ഓഫീസർ മഹേഷ് ഭഗവത് എന്നിവർക്കൊപ്പം പൂച്ചെണ്ടുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും സ്ഥാനാർത്ഥിയുമായ രേവന്ത് റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽ സന്ദർശിച്ചതിനാണ് നടപടി. സംസ്ഥാനത്ത് ആകെ 16 രാഷ്ട്രീയ പാർട്ടികളിലായി 2,920 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഇവർക്ക് അധികൃതർ തുല്യ പരിഗണന നൽകണമെന്നതാണ് ചട്ടം. അഞ്ജനി കുമാറും കൂട്ടരും ഇത് ലംഘിച്ചിരിക്കുകയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. മറ്റ് മൂന്നിടങ്ങളിലും ബിജെപി തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ, തെലങ്കാനയിൽ ബി ആർ എസിനെ വീഴ്ത്തി കോൺഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.
Discussion about this post