പാലക്കാട്: രാജസ്ഥാനിലും ഛത്തീസ്ഗഢിലും കൂടി ബിജെപി അധികാരത്തിൽ വന്നത് ദു:ഖകരമായ കാര്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസ്സിന്റെ ഭാഗമായിട്ടുളള പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് ബിജെപിയുടെ വിജയം ദഹിക്കുന്നില്ലെന്ന് റിയാസ് തുറന്നുപറഞ്ഞത്.
ബിജെപിയുടെ ഭരണം വെറുത്ത സംസ്ഥാനമാണ് മധ്യപ്രദേശ്. അവിടെ ഭരണവിരുദ്ധവികാരം കടുത്ത നിലയിലുണ്ടെന്ന് എല്ലാ സർവ്വെകളും പറഞ്ഞതാണ്. എന്നാൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നു. ആരാണ് ഇതിന് കാരണക്കാർ. മധ്യപ്രദേശിൽ തീവ്രഹിന്ദുത്വ നിലപാട് മുറുകെ പിടിക്കാനാണ് കമൽനാഥ് ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ നേതൃത്വം കൊടുത്തതതെന്നാണ് റിയാസിന്റെ കണ്ടുപിടുത്തം.
ബിജെപിയുടെ ബി ടീമല്ല, ബിജെപിയാണ് ഞങ്ങളുടെ ബി ടീം എന്ന് തോന്നുന്ന രീതിയിൽ മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വം പ്രവർത്തിച്ചു. ബാബ്‌റി മസ്ജിദ് കേവലം ഒരു മുസ്ലീം പളളി മാത്രമായിരുന്നില്ല ബാബ്‌റി മസ്ജിദ് മതേതരത്വത്തിന്റെ പ്രതീകമായിരുന്നുവെന്നും റിയാസ് അവകാശപ്പെട്ടു. അവിടെ രാമക്ഷേത്രം നിർമിക്കാൻ തയ്യാറായപ്പോൾ മധ്യപ്രദേശിലെ കോൺഗ്രസുകാർ വെളളി ഇഷ്ടിക അയച്ചുകൊടുത്തു. ഇതാണോ മതനിരപേക്ഷതയെന്ന് റിയാസ് ചോദിക്കുന്നു.
കേരളത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ തയ്യാറാകാതിരുന്നതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് റിയാസിന്റെ കണ്ടെത്തൽ. ഈ തിരഞ്ഞെടുപ്പിലെങ്കിലും കോൺഗ്രസ് പാഠമുൾക്കൊളളാൻ തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെടുന്നു.
Discussion about this post