റായ്പൂർ: ഒരു സൈക്കിളിന്റെ പേരിൽ ഏതാനും സ്‌കൂൾ കുട്ടികൾ തമ്മിൽ നടന്ന തർക്കം സംഘർഷത്തിലേക്കും വർഗീയ കലാപത്തിലേക്കും വഴിമാറിയപ്പോൾ ഈശ്വർ സാഹുവിന് നഷ്ടമായത് സ്വന്തം മകനെയാണ്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ട നിയമപാലകരും ജനപ്രതിനിധികളുമൊക്കെ വോട്ട് രാഷ്്ട്രീയത്തിന്റെ പേരിൽ പ്രതികളെ സ്വന്തം ചിറകിനടിയിൽ സംരക്ഷിച്ചപ്പോൾ അവരെ പാഠം പഠിപ്പിക്കാൻ ഈശ്വർ സാഹു തിരഞ്ഞെടുത്തത് ജനാധിപത്യ മാർഗമായിരുന്നു.
ഛത്തീസ്ഗഢിന്റെ തലസ്ഥാന നഗരമായ റായ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ബിരാൻപൂർ. സജാ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ പെടുന്ന ഇവിടുത്തെ വോട്ടറായ ഈശ്വർ സാഹു സാധാരണ കൂലിതൊഴിലാളിയാണ്. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് സ്‌കൂൾ കുട്ടികൾ തമ്മിലുണ്ടായ ചെറിയ തർക്കം ഇവിടെ വർഗീയ സംഘർഷത്തിലേക്ക് വഴിമാറിയത്. 22 കാരനായ മകൻ ഭുവനേശ്വർ സാഹുവിനെയാണ് ഈശ്വർ സാഹുവിന് ഈ കലാപത്തിൽ നഷ്ടമായത്.
കുട്ടികൾ തമ്മിലുണ്ടായ അടി മുതിർന്നവരും ഏറ്റുപിടിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി സായുധരായ ജനക്കൂട്ടം വാളുകളുമായി ഈശ്വർ സാഹുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മകനെ വലിച്ചു പുറത്തിറക്കുകയും അടുത്തുളള മുസ്ലീം വീട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.
ഇരുപത് ദിവസങ്ങളോളം നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചാണ് പ്രദേശത്ത് ക്രമസമാധാന നില പുനസ്ഥാപിച്ചത്. 10 ലക്ഷം രൂപ ഛത്തീസ്ഗഢ് സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്‌തെങ്കിലും നീതി നിഷേധിക്കപ്പെട്ടെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ ഈശ്വർ സാഹു ഇത് നിരസിച്ചു. സജ മണ്ഡലത്തിൽ ഈശ്വർ സാഹുവിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടപ്പോൾ തന്നെ സംസ്ഥാനത്തെ വർഗീയ പ്രീണനവും അതിന്റെ ഇരകളുടെയും കഥകൾ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമായിരുന്നു.
ബ്രാഹ്മണ സമുദായത്തിന്റെ വലിയ പിന്തുണയുളള, ഏഴ് തവണ മണ്ഡലത്തിൽ വിജയിച്ച രവീന്ദ്ര ചൗബേ ആയിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ഭൂപേഷ് ബാഗേൽ മന്ത്രിസഭയിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി കൂടിയായിരുന്നു രവീന്ദ്ര ചൗബേ. 5196 വോട്ടുകൾക്കാണ് ഈശ്വർ സാഹുവിന്റെ വിജയം. വർഗീയതയുടെ പേരിൽ ബിജെപിയെ നിരന്തരം പ്രതിസ്ഥാനത്ത് നിർത്തുന്ന കോൺഗ്രസിന്റെ കരണത്തേറ്റ അടിയാണ് ഈശ്വർ സാഹുവിന്റെ വിജയം
Discussion about this post