തിരുവനന്തപുരം: മാറനല്ലൂരിൽ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം. മഞ്ഞറമൂല സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ ശ്രീകുമാറിന്റെ വീടിനും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറിൽ എത്തിയ സംഘം വീടിന്റെ ജനാലയും മറ്റും അടിച്ച് തകർക്കുകയായിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് ഉള്ളിലുള്ള സാധനങ്ങളും അടിച്ചു തകർത്തു.
ഇതിന് ശേഷം പരിസര പ്രദേശങ്ങളായ വണ്ടന്നൂർ, പാൽകുന്ന്, മേലാരിയോട്, ചെന്നിയോട്, മദർതെരേസ നഗർ എന്നിവിടങ്ങളിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണം നടത്തി. കാറുകൾ, ടിപ്പറുകൾ, പെട്ടി ഓട്ടോറിക്ഷകൾ തുടങ്ങി 22 ഓളം വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post