ഒരു പപ്പായ മരം എങ്കിലും ഇല്ലാത്ത മലയാളി വീടുകൾ നന്നേ കുറവായിരിക്കും. പപ്പായ പച്ചയായും പഴുത്തും ഒക്കെ നമ്മൾ ഭക്ഷണം ആക്കാറുണ്ട്. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളും എല്ലാം ഉണ്ടാക്കി നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ആഗോളതലത്തിൽ തന്നെ പ്രശസ്തമായ പപ്പായ കൊണ്ടുള്ള ഒരു വിഭവമുണ്ട്. പ്രസിദ്ധമായ ഒരു തായ്‌ലൻഡ് വിഭവമാണിത്. സോം താം തായ് എന്നറിയപ്പെടുന്ന ഈ തായ് വിഭവം ഇന്ന് വളരെ പ്രശസ്തമാണ്.
പച്ച പപ്പായ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സലാഡ് ആണ് സോം താം തായ്. ഗ്രീൻ പപ്പായ സലാഡ് എന്ന പേരിൽ പല അന്താരാഷ്ട്ര പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഈ വിഭവം ഇപ്പോൾ ലഭ്യമാണ്. വെറുമൊരു ഭക്ഷണവിഭവം മാത്രമല്ല ഇത്. തായ്‌ലൻഡിൽ പുരാതനകാലം മുതൽ തന്നെ മികച്ച ദഹനം ലഭിക്കാനായി ഈ ഗ്രീൻ പപ്പായ സലാഡ് പ്രധാന ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കാറുണ്ട്.
കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് പച്ച പപ്പായ. കൂടാതെ അണുബാധകളെയും മറ്റും ചേർക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളും പച്ച പപ്പായയ്ക്ക് ഉണ്ട്. മികച്ച ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളവയും കൂടിയാണ് പച്ച പപ്പായ. അതിനാൽ തന്നെ രോഗപ്രതിരോധത്തിനും മുറിവുകൾ ഉണങ്ങുന്നതിനും അൾസർ പോലെയുള്ള പ്രശ്നങ്ങൾക്കും പച്ച പപ്പായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. എന്നാൽ പച്ച പപ്പായ വേവിക്കുമ്പോൾ അതിലെ പല ഗുണങ്ങളും നഷ്ടപ്പെടുന്നതാണ്. എന്നാൽ ഗ്രീൻ പപ്പായ സലാഡ് എല്ലാ ഗുണങ്ങളും നൽകുന്നതിനോടൊപ്പം രുചികരവും ആണ്.
എങ്ങനെയാണ് തായ് ഗ്രീൻ പപ്പായ സലാഡ് തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത പപ്പായയിൽ ആവശ്യത്തിന് നാരങ്ങാനീരും ഉപ്പും അല്പം കുരുമുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി വെക്കണം. അല്പം സവാള, വെളുത്തുള്ളി എന്നിവ പൊടിയായി അരിഞ്ഞത് ഈ കൂട്ടിലേക്ക് ചേർക്കണം. തക്കാളി ചെറുതായി അരിഞ്ഞതോ ചെറി തക്കാളി പാതി മുറിച്ചതോ ചേർക്കാം. അല്പം നുറുക്കിയ ചുവന്ന മുളകും വറുത്ത് തൊലി കളഞ്ഞ നിലക്കടലയും കൂടി ഈ സലാഡിലേക്ക് ചേർക്കണം. ചില പ്രദേശങ്ങളിൽ ചീവിയെടുത്ത അല്പം ശർക്കര കൂടി ഈ സലാഡിൽ ചേർക്കുന്നതാണ്. യഥാർത്ഥ തായ് രുചി ലഭിക്കാനായി അല്പം ഉണക്ക ചെമ്മീൻ വറുത്ത് പൊടിച്ചതും കൂടി ചേർത്ത് ഇളക്കി വേണം ഈ സലാഡ് ഉപയോഗിക്കാൻ. എന്നാൽ സസ്യാഹാരികൾക്ക് ഈ ചേരുവ ഒഴിവാക്കിയും ഗ്രീൻ പപ്പായ സലാഡ് തയ്യാറാക്കാവുന്നതാണ്.
Discussion about this post