തൃശ്ശൂർ: അക്ഷരം കൂട്ടിവായ്ക്കാൻ അറിയാത്തവർക്ക് പോലും എപ്ലസ് നൽകുകയാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം സർക്കാർ നിലപാടല്ല. വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് സർക്കാർ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. കുട്ടികളെ പരാജയപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക സർക്കാരിന്റെ നിലപാടല്ല. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഗുണമേന്മ വർദ്ധിപ്പിക്കുകയാണ് നയം. അതിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കേരളം സ്വീകരിച്ചുവരുന്ന വിദ്യാഭ്യാസ മാതൃക ഏറെ പ്രശസ്തമാണ്. യൂണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികൾ പോലും അഭിനന്ദിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Discussion about this post