ഭോപ്പാൽ: ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടതാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് തോൽക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. പല ഗ്രാമങ്ങളിലും കോൺഗ്രസിന് 50 വോട്ടുകൾ പോലും തികച്ച് കിട്ടിയില്ല. ഇതിന് കാരണം ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്താനായി പാർട്ടി പ്രവർത്തകരുമായി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രവർത്തകരുമായി വിശദമായ ചർച്ച നടത്താതെ തോൽവിയുടെ കാരണം വ്യക്തമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരോടും ആദ്യം ഒന്ന് സംസാരിക്കണം. തിരഞ്ഞെടുപ്പ് ഫലം അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ആളുകളുടെ മനോഭാവം കോൺഗ്രസിന് അനുകൂലമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചില്ല. എംഎൽഎമാർക്ക് ചില ഗ്രാമങ്ങളിൽ നിന്നും 50 വോട്ടുകൾ പോലും തികച്ച് ലഭിച്ചില്ലെന്നാണ് പറയുന്നത്. ഇത് എങ്ങനെയുണ്ടായിയെന്നും അദ്ദേഹം ചോദിച്ചു.
230 അംഗ നിയമസഭാ സീറ്റിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി വിജയിച്ചത്. അതേസമയം കോൺഗ്രസ് 66 സീറ്റിൽ ഒതുങ്ങി.








