ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ വീഡിയോ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. അഹമ്മദാബാദിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ നിർമ്മിക്കുന്നത്.
മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ച് കൊണ്ടാണ് ബുള്ളറ്റ് ട്രെയിൻ സർവ്വീസ്. ഇന്ത്യയുടെ ആദ്യത്തെ സംസ്ഥാനാന്തര ഹൈ സ്പീഡ് റെയിൽവേ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് റെയിൽവേ സ്‌റ്റേഷന്റെ വീഡിയോ അദ്ദേഹം പുറത്തുവിട്ടത്. മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയ്ക്ക് 508 കിലോ മീറ്റർ ദൂരമാണ് ഉള്ളത്. ഇതിൽ 26 കിലോ മീറ്റർ ടണലാണ്. 10 കിലോ മീറ്റർ പാലങ്ങളും ഉണ്ട്.
സബർമതി മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് ഹബ് എന്ന പേരിലാകും ഈ സ്റ്റേഷൻ അറിയപ്പെടുക എന്നാണ് വിവരം. സ്റ്റേഷനിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ദണ്ഡിയാത്രയെക്കുറിച്ചും, വിവിധ പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കും. ആകെ 1,33, 000 ചതുരശ്ര അടിയിൽ രണ്ട് നിലകളിൽ ആയിട്ടാകും നിർമ്മാണം. ഇതിനുള്ളിൽ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും. 2027 ഓടെ സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ ചുമതലയുള്ളത്. കഴിഞ്ഞമാസം ബാന്ദ്ര കുർള കോംപ്ലക്‌സ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ശതമാനം പൂർത്തിയാക്കിയെന്ന് എൻഎച്ച്ആർസിഎൽ വ്യക്തമാക്കിയിരുന്നു.
https://twitter.com/i/status/1732745355316625619
Discussion about this post