കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകർ തമ്മിൽ മത്സരമെന്ന് വിവരം.ആറ് അഭിഭാഷകരാണ് പത്മകുമാറിനും കുടുംബത്തിനുവേണ്ടി ഹാജരാകാനായി രംഗത്തെത്തിയത്.
പ്രതികളെ കഴിഞ്ഞ ദിവസം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ലീഗൽ സർവീസ് അതോറിറ്റി നേരത്തെ നിയോഗിച്ച അഡ്വ. കെ.സുഗുണൻ, അഡ്വ. അജി മാത്യു എന്നിവർക്ക് പുറമേ നാല് അഭിഭാഷകർ കൂടി വാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
സോളാർ കേസ് പ്രതിയായിരുന്ന സരിത എസ് നായരുടെ ആദ്യ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റ് രണ്ട് അഭിഭാഷകരും തങ്ങളാണ് പത്മകുമാറിന്റെയും കുടുംബത്തിന്റെയും അഭിഭാഷകരെന്ന വാദവുമായി രാവിലെ കോടതിയിൽ എത്തിയിരുന്നു. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ വക്കാലത്ത് ഒപ്പിടീക്കാൻ ഇവരിൽ പലരും പ്രതികളെ സമീപിക്കുകയും ചെയ്തു. കോടതി നടപടികൾ ആരംഭിച്ചപ്പോൾ പത്മകുമാറിന്റെ ബന്ധുക്കൾ തനിക്ക് വക്കാലത്ത് തന്നുവെന്ന വാദവുമായി കൃഷ്ണകുമാർ എന്ന അഭിഭാഷകൻ രംഗത്തെത്തി
കഴിഞ്ഞ ശനിയാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകർ ഇല്ലായിരുന്നു. അതിനാൽ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് രണ്ട് പേരെ അനുവദിച്ചിട്ടുണ്ടെന്നും തർക്കമുണ്ടെങ്കിൽ പ്രതികളുമായി സംസാരിച്ച് ധാരണയിലെത്താനും കോടതി നിർദ്ദേശം നൽകി. ഇതോടെ നടത്തിയ ചർച്ചയിൽ ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകർ മതിയെന്ന് പ്രതികൾ നിലപാടെടുത്തു. ഇവർ പ്രതികളെ ജയിലിൽ സന്ദർശിച്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.
Discussion about this post