തിരുവനന്തപുരം: ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദിനെയും പ്രതി ചേർത്തു. സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നതിൽ പ്രധാനി ഇയാളായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഷഹനയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ബന്ധുക്കളുടെ മൊഴികളും പോലീസ് പരിഗണിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റുവൈസിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ആത്മഹത്യക്ക് മുൻപ് ഷഹന റുവൈസിന് വാട്സപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. ഇത്രയും സ്ത്രീധനം തങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും താൻ മരിക്കുകയാണെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ റുവൈസ് എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ പോലീസ് ഷഹനയുടെ ഫോണിൽ നിന്നും കണ്ടെത്തി. ഷഹനയുടെ മരണം തടയാമായിരുന്നിട്ടും അതിന് റുവൈസ് തുനിഞ്ഞില്ലെന്ന് ഇതിൽ നിന്നും വ്യക്തമായി.
അതേസമയം പ്രതി ചേർത്തതിന് പിന്നാലെ അബ്ദുൾ റഷീദ് ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.
അവസാന നിമിഷമാണ് റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കൾ റുവൈസിന്റെ വീട്ടിലേക്കും സന്ദർശനം നടത്തിയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തുകയും ചെയ്തിരുന്നു.
Discussion about this post