എറണാകുളം: നവകേരള സദസിൽ പ്രവർത്തകരുടെ മർദ്ദനമേറ്റ സി.പി.എമ്മുകാരൻ പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പ്രതിഷേധ സൂചകമായി പാർട്ടിവിട്ടത്. സിപിഎംകാരനാണെന്ന് പറഞ്ഞിട്ടും പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുവെന്ന് റയീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി നവകേരള സദസ്സിനിടെ കൊച്ചി മറ്റെൻ ഡ്രൈവിൽ വച്ചായിരുന്നു റയീസ് ആക്രമിക്കപ്പെട്ടത്. ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ മർദ്ദിക്കുന്നതിനിടെ ആയിരുന്നു റയീസും ആക്രമിക്കപ്പെട്ടത്. ഇവർ ഇരുന്നതിന് തൊട്ടടുത്തായായിരുന്നു റയീസ് ഇരുന്നത്. ഡമോക്രാറ്റിക് സ്റ്റുഡൻസ് പ്രവർത്തകൻ ആണെന്ന് കരുതി റയീസിനെയും സിപിഎമ്മുകാർ മർദ്ദിക്കുകയായിരുന്നു. അടിക്കരുതെന്നും സിപിഎം പ്രവർത്തകനാണെന്നും താൻ പറഞ്ഞു. എന്നാൽ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇനി പാർട്ടിയിൽ തുടരാൻ താത്പര്യപ്പെടുന്നില്ലെന്നും റയീസ് കൂട്ടിച്ചേർത്തു.
അതേസമയം ആക്രമണത്തിൽ ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻറെ രണ്ട് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസുകാരുടെ മുൻപിൽ വച്ചായിരുന്നു ഇവരെ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്.
Discussion about this post