ഹൈദരാബാദ്: തെലങ്കാനയിൽ എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടിയെ ന്യായീകരിച്ച് കോൺഗ്രസ്. ഒവൈസിയുടെ നിയമനം ശരിയായ തീരുമാനമാണ്. അത് സ്വാഭാവിക നടപടിയാണെന്ന് കോൺഗ്രസ് നേതാവ് ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.
സഭയിലെ ഏറ്റവും സീനിയറായ എം എൽ എ ആണ് അക്ബറുദ്ദീൻ ഒവൈസി. ഒവൈസിയെ പ്രോടേം സ്പീക്കർ ആക്കിയ നടപടിയിൽ തെറ്റൊന്നും ഇല്ലെന്നും റെഡ്ഡി പറഞ്ഞു. എന്നാൽ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവായ റെഡ്ഡി എന്തുകൊണ്ട് പ്രോടേം സ്പീക്കർ ആയില്ല എന്ന ചോദ്യം കോൺഗ്രസിലെ ചില നേതാക്കൾ തന്നെ ഉന്നയിച്ചു. ബി ആർ എസും ഇതിന് മുൻപ് എ ഐ എം ഐ എം നേതാവിനെ പ്രോടേം സ്പീക്കർ ആക്കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള റെഡ്ഡിയുടെ മറുപടി.
എ ഐ എം ഐ എമ്മുമായി കോൺഗ്രസ് സഖ്യത്തിലാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരം സമീപ ഭാവിയിൽ നൽകാമെന്നായിരുന്നു ഉത്തം കുമാർ റെഡ്ഡിയുടെ മറുപടി. നിലവിൽ സഖ്യമില്ല. ഭാവികാര്യങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും റെഡ്ഡി പറഞ്ഞു.
അതേസമയം, ഹൈന്ദവ ഉന്മൂലനത്തിന് ആഹ്വാനം നൽകിയ അക്ബറുദ്ദീൻ ഒവൈസി പ്രോടേം സ്പീക്കർ ആയിരിക്കുന്ന സഭയിൽ തങ്ങളുടെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യില്ല എന്ന് ബിജെപി ആവർത്തിച്ചു. ഒവൈസിയെ പ്രോടേം സ്പീക്കർ ആക്കിയ നടപടി നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാൽ ബിജെപി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുകയാണെന്നും തെലങ്കാന ബിജെപി അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.
സ്പീക്കർ നിയമനം നടന്ന ശേഷമേ തങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. എ ഐ എം ഐ എം പോലെയുള്ള ഒരു സമ്പൂർണ വർഗീയ പാർട്ടിയുമായി ഒരു തരത്തിലുമുള്ള സഹകരണത്തിനും ബിജെപി ഒരുക്കമല്ല. മറ്റ് മുതിർന്ന നേതാക്കൾ സഭയിൽ ഉണ്ടെന്നിരിക്കെ, ഒവൈസിയെ പ്രോടേം സ്പീക്കർ ആക്കിയ നടപടി കോൺഗ്രസിന്റെ വർഗീയ പ്രീണന നയത്തിന്റെ ഭാഗമാണ്. ഇതിനെതിരെ ബിജെപി ഗവർണറെ സമീപിക്കുമെന്നും കിഷൻ റെഡ്ഡി പറഞ്ഞു.
2012ലെ ഹൈന്ദവ ഉന്മൂലന ആഹ്വാനത്തിലൂടെ കുപ്രസിദ്ധനായ നേതാവാണ് അക്ബറുദ്ദീൻ ഒവൈസി. 15 മിനിറ്റ് നേരം പോലീസിനെ നിഷ്ക്രിയമാക്കിയാൽ രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ഒവൈസിയുടെ വിവാദ പ്രസ്താവന. 2019ൽ ഇയാൾ ഇത് ആവർത്തിച്ചിരുന്നു. എ ഐ എം ഐ എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീൻ ഒവൈസി.
അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തെലങ്കാനയിലെ ബിജെപി എം എൽ എ രാജ സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ ഹിന്ദുക്കളെ കൊന്നൊടുക്കിയ നൈസാമിന്റെ റസാക്കർ സേനാനായകൻ കാസിം റിസ്വിയുടെ പിൻഗാമിയാണ് ഒവൈസിയെന്നും രാജ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post