കാസർകോട്: വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിൽ എസ്എഫ്‌ഐ മുൻ വനിതാ നേതാവിനെതിരെ കുറ്റപത്രം സമർപ്പിക്കാതെ പോലീസ്. കരിന്തളം സർക്കാർ കോളേജിൽ ജോലി തട്ടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നീലേശ്വം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിക്കാത്തത്. മണ്ണാർക്കാട് കോടതിയിൽ നിന്നുള്ള ചില രേഖകൾക്കായി കാത്തിരിക്കുകയാണെന്നാണ് ഇതിന് കാരണമായി പോലീസ് പറയുന്നത്.
കേസിൽ അന്വേഷണം പൂർത്തിയായിട്ടുണ്ട്. എന്നിട്ടാണ് കുറ്റപത്രം നൽകാൻ പോലീസ് വൈകിപ്പിക്കുന്നത്. മണ്ണാർക്കാട് കോടതിയിൽ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സർട്ടിഫൈഡ് കോപ്പികളാണ് ലഭിക്കാനുള്ളത്. ഇത് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ വിദ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.
ജൂൺ 27 നാണ് വിദ്യ അറസ്റ്റിലായത്. കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഗസ്റ്റ് ലക്ചറർ ജോലി തട്ടാനായിരുന്നു ശ്രമം. കേസിൽ വിദ്യയെ മാത്രമാണ് നീലേശ്വരം പോലീസ് പ്രതിചേർത്തിട്ടുള്ളത്. വ്യാജരേഖ നിർമ്മിക്കൽ, വഞ്ചന, വ്യാജരേഖ സമർപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്.
Discussion about this post