ഓസ്‌ലോ : ഈ വർഷത്തെ നൊബേൽ ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ ഇന്ന് നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ വച്ച് സമ്മാനിക്കും. ഈ വർഷത്തെ നൊബേൽ പുരസ്കാര ദാന ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് സമാധാനത്തിനുള്ള നൊബേല്‍ പുസ്കാരം നേടിയ നര്‍ഗീസ് മുഹമ്മദിയുടെ അസാന്നിദ്ധ്യമാണ്. ലോകം മുഴുവൻ ആദരിക്കുന്ന ഒരു പുരസ്കാരം ഏറ്റുവാങ്ങാൻ കഴിയാതെ ഇപ്പോഴും ഇറാനിലെ ജയിലിൽ കഴിയുകയാണ് നർഗീസ് മുഹമ്മദി.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിന്റെ പേരിലാണ് നർഗീസ് ജയിലിൽ ആകുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള അവരുടെ പ്രവർത്തനങ്ങളുടെ പേരിൽ തന്നെയാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുസ്കാരവും നർഗീസ് സ്വന്തമാക്കിയത്. ഇറാൻ ഭരണകൂടത്തോടുള്ള പ്രതിഷേധസൂചകമായി നിലവിൽ ജയിലിൽ നിരാഹാര സമരം നടത്തിവരികയാണ് നർഗീസ്.
ഓസ്ലോയിൽ നടക്കുന്ന പുരസ്കാരദാനച്ചടങ്ങിൽ നർഗീസ് മുഹമ്മദിയുടെ ഇരട്ടക്കുട്ടികൾ മാതാവിനെ പ്രതിനിധീകരിച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. ശനിയാഴ്ച ഓസ്ലോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നർഗീസ് മുഹമ്മദിയുടെ ഭർത്താവ് താഗി റഹ്മാനി, അവരുടെ ഇരട്ട കുട്ടികളായ അലി റഹ്മാനി, കിയാന റഹ്മാനി, അവരുടെ സഹോദരൻ എന്നിവർ പങ്കെടുത്തിരുന്നു. നർഗീസ് ജയിലിൽ നിരാഹാര സമരത്തിൽ ആണെന്ന് കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ 9 വർഷമായി തങ്ങൾ അമ്മയെ കണ്ടിട്ടില്ലെന്ന് നർഗീസിന്റെ മക്കൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. വർഗീസിന്റെ എല്ലാ പ്രവർത്തികൾക്കും കുടുംബത്തിന്റെ മുഴുവൻ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടെന്നും അവർ അറിയിച്ചു. 51 വയസ്സുള്ള നര്‍ഗീസിന് ഇതിനകം 31 വര്‍ഷത്തെ തടവുശിക്ഷയാണ് ഇറാൻ ഭരണകൂടം നൽകിയിട്ടുള്ളത്. ടെഹ്റാനിലെ ജയിലിലാണ് നർഗീസ് ഇപ്പോൾ കഴിയുന്നത്. നിർബന്ധിത ഹിജാബിനും വധശിക്ഷയ്ക്കും എതിരായുള്ള പ്രചാരണങ്ങളും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് നർഗീസിനെ ഇറാൻ ഭരണകൂടത്തിന്റെ കണ്ണിലെ കരട് ആക്കി മാറ്റുന്നത്. സമാധാന നൊബേല്‍ പുരസ്കാരം നേടുന്ന പത്തൊമ്പതാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതയുമാണ് നര്‍ഗീസ് മുഹമ്മദി.
Discussion about this post