പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പരമദ്രോഹമാണ് പിണറായി സർക്കാർ ശബരിമല തീർത്ഥാടകരോട് കാണിക്കുന്നത്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി ദൃശ്യമാദ്ധ്യമങ്ങളിലും പത്രങ്ങളിലും വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
സാധാരണ ഗതിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ക്യാമ്പ് ചെയ്ത് അടിയന്തരസാഹചര്യം നേരിടാൻ കഴിയുന്ന ഉദ്യോഗസ്ഥരെ അങ്ങോട്ട് അയയ്ക്കുന്നത് പതിവാണ്. നവകേരള സദസ്സുമായി മന്ത്രിമാരെയും കൂട്ടി നടക്കുന്ന മുഖ്യമന്ത്രി ഒരു യോഗത്തിലും ഇത് ചർച്ചയാക്കുന്നില്ല. ശബരിമലയിൽ തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഉദ്യോഗസ്ഥരെ ക്രോഡീകരിക്കാനും ഒരു മന്ത്രിയെ അങ്ങോട്ട് അയയ്ക്കാനോ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നീചമായ സമീപനമാണിതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നേരത്തെ അയ്യപ്പ സേവാ സംഘവും അയ്യപ്പ സേവാ സമാജവുമൊക്കെ മല കയറുന്ന ഭക്തർക്കും സന്നിധാനത്തും സൗജന്യമായി കുടിവെളളവും അന്നദാനവും കൊടുത്തിരുന്നു. എന്നാൽ ഹോട്ടൽ ലോബിയുമായുളള ധാരണയുടെ അടിസ്ഥാനത്തിൽ അവരെയെല്ലാം അവിടെ നിന്ന് പറഞ്ഞുവിട്ടു. വർഷങ്ങളായി ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്ക് സൗജന്യമായി ഭക്ഷണവും വെളളവും കൊടുക്കാറുളള സന്നദ്ധ സംഘടനകളെ മുഴുവൻ ഒഴിവാക്കി. എന്നിട്ട് ഇപ്പോൾ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭക്ഷണവും വെളളവും ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആളുകൾ അനിശ്ചിതമായി കാത്തുനിൽക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. നേരത്തെ പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ 90 -100 പേരെ കയറ്റാവുന്ന രീതിയിൽ പരിശീലനം നേടിയ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഇപ്പോ യാതൊരു പരിശീലനവും ഇല്ലാത്ത ആളുകളാണ് നിൽക്കുന്നത്. വെർച്വൽ ക്യൂ ദേവസ്വം ബോർഡ് ഏറ്റെടുത്തതോടെ ദേവസ്വം ബോർഡും പോലീസും ശീതസമരം ഒന്ന് കൂടി കടുത്തുവെന്നും അതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തെയും ശബരിമലയിലേക്ക് അയയ്ക്കണം. അയ്യപ്പന്റെ കൃപ കൊണ്ടാണ് തീർത്ഥാടകർ അപകടത്തിൽ പെടാതെ തിരിച്ചുവരുന്നത്. അൻപതിനായിരം ആളുകൾ വന്നാൽ പോലും തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. അടുത്ത കാലത്തൊന്നും ശബരിമല തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ച സംഭവം ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം തിരക്ക് കാരണം കുടിവെളളം പോലും കിട്ടാതെ പത്ത് വയസിൽ താഴെയുളള കുട്ടി കുഴഞ്ഞുവീണ് മരിക്കുന്ന സ്ഥിതിയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ സംവിധാനങ്ങളില്ല. ഇത്രയും ജനക്കൂട്ടത്തെ നിയന്ത്രിച്ച് കൊണ്ടുപോകാൻ കഴിയുന്ന ഉദ്യോഗസ്ഥർ ഇല്ല. കുത്തഴിഞ്ഞ സംവിധാനമാണ് ശബരിമലയിൽ ഉളളത്. ആഹാരം കഴിക്കാതെയും വെളളം കിട്ടാതെയും അയ്യപ്പഭക്തർ കുഴഞ്ഞുവീഴുകയാണ്. തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപേ ബിജെപി ഇത് ചൂണ്ടിക്കാണിച്ചതാണ്. സർക്കാർ ഇങ്ങനെ ഇതിനെ കൈകാര്യം ചെയ്താൽ നേരിട്ടുളള സമരത്തിലേക്ക് പോകേണ്ടി വരുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. ബിജെപി ജില്ലാ അധ്യക്ഷൻ വി.എ സൂരജ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post