കൊച്ചി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ വിമർശിച്ച് സന്ദീപ് വാചസ്പതി.ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്ന മന്ത്രിയുടെ പരാമർശം ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായിൽ നിന്ന് വീഴാൻ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയതിനും എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് മുന്നിൽ ചാടിവീണ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ ന്യായീകരിച്ചാണ് ഇന്ന് മന്ത്രിമാർ രംഗത്തെത്തിയത്. ഗവർണർ ഹീറോ ആകാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും ഗവർണർ കാറിൽ നിന്ന് ഇറങ്ങാൻ പാടുണ്ടോയെന്ന് മന്ത്രി പി.രാജീവും ചോദിച്ചു. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. ഇതാണ് വിവാദമാകുന്നത്.
Discussion about this post