കോട്ടയം:ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണം. ‘ വിരട്ടി കളയാം എന്ന് കരുതേണ്ട.വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് കേരളമാണ് ഇതൊന്നും ഇവിടെ നടക്കില്ല, ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. അവസരവാദത്തിന്റെ മൂര്‍ത്തീ ഭാവമാണ് ആരിഫ് മുഹമ്മദ് ഖാന്‍ ‘ എന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഗവണര്‍ എല്ലാ വിരോധവും മനസ്സില്‍ കൊണ്ടുനടക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പോയത്. ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളസദസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണറും രംഗത്ത് വന്നു. മുഖ്യമന്ത്രി നയിക്കുന്ന നവകേരള യാത്ര കൊണ്ട് എന്തുപ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. കേരളത്തില്‍ എന്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കലക്ടറേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിക്കുന്നതല്ലാതെ, പ്രശ്നങ്ങള്‍ക്ക് ഒരുപരിഹാരവുമാകുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തിരുവനന്തപുരത്ത് വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ തന്നെ കായികമായി നേരിടാനെത്തിയതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വാക് പോരിലൂടെ കൊമ്പുകോര്‍ക്കുന്നത്.
Discussion about this post